അസം: കള്ളക്കടത്തു സംഘത്തിന്റെ മറ്റൊരു ശ്രമം തടഞ്ഞ് അസം റൈഫിൾസ്. അസമിലെ ചമ്പൈ ജില്ലയിൽ എത്തിയ കള്ളക്കടത്തു സംഘത്തിൽ നിന്നും 10.73 ലക്ഷം വിലമതിപ്പുള്ള മയക്കുമരുന്നാണ് അസം റൈഫിൾസ് പിടിച്ചെടുത്തത്. സംഭവത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് മ്യാൻമർ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു.
അസം റൈഫിൾസിനും എക്സൈസിനും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മൂന്ന് പോളിത്തീൻ ബാഗുകളിലായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് എക്സൈസ് കണ്ടെത്തിയത്. മ്യാൻമറിൽ നിന്നും ഇന്ത്യയിലേക്ക് എത്തിക്കാൻ ശ്രമിച്ച മയക്കുമരുന്നാണ് പ്രതികളിൽ നിന്നും എക്സൈസും അസം റൈഫിൾസും ചേർന്ന് കണ്ടെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 10 ലക്ഷം രൂപയിലധികം വിലമതിപ്പുണ്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്തതായും അസം റൈഫിൾസ് അറിയിച്ചു. വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന കർശനമാക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.