സൂറത്ത്: ലോകത്തിലെ ഏറ്റവും വലിയ വലിയ ഓഫീസ് കെട്ടിടം സൂറത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. 3400 കോടി രൂപ ചെലവിൽ 35.54 ഏക്കർ സ്ഥലത്ത് നിർമ്മിച്ച ‘സൂറത്ത് ഡയമണ്ട് ബോഴ്‌സ്’, വജ്രവ്യാപാരത്തിന്റെ ആഗോള കേന്ദ്രമാക്കി സൂറത്തിനെ മാറ്റുമെന്ന് അധികൃതർ പറയുന്നു. 4500ലധികം ഓഫീസുകളായിരിക്കും ഈ സമുച്ചയത്തിനുള്ളിൽ പരസ്പര ബന്ധിതമായി പ്രവർത്തനം നടത്തുക. പെന്റഗണിനേക്കാൾ വലുതും രാജ്യത്തെ ഏറ്റവും വലിയ കസ്റ്റംസ് ക്ലിയറൻസ് ഹൗസുമായിരിക്കും ഇത്.
ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും വജ്രങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും, വ്യാപരം നടത്താൻ ആഗ്രഹിക്കുന്നവർക്കുമുള്ള ഏറ്റവും വലിയ പ്ലാറ്റ്‌ഫോം ആയിരിക്കും ഇത്. ഒന്നര ലക്ഷത്തോളം ആളുകൾക്ക് ഇവിടെയുള്ള സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കും. കഴിഞ്ഞ 80 വർഷമായി ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമെന്ന റെക്കോർഡ് പെന്റഗണിന് സ്വന്തമാണ്. അതാണ് ഇപ്പോൾ ഡയമണ്ട് ബോഴ്‌സ് മറികടന്നിരിക്കുന്നത്.
ഇന്ത്യയിലെ വജ്ര കയറ്റുമതിയുടെ കേന്ദ്രം മുംബൈ ആണെങ്കിലും, ‘ഡയമണ്ട് സിറ്റി’ എന്നറിയപ്പെടുന്നത് സൂറത്ത് ആണ്. വജ്രങ്ങളുടെ സംസ്‌കരണ മേഖലയിൽ ഉൾപ്പെടെ സൂറത്ത് കൃത്യമായ ആധിപത്യം പുലർത്തുന്ന സ്ഥലമാണ്. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്നുള്ള വജ്രങ്ങൾ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. മേഖലയിലുള്ള വജ്ര വ്യവസായത്തെ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തിലാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സ് പ്രവർത്തനം ആരംഭിക്കുന്നത്.
സൂറത്തിലെ വജ്രവ്യാപാരത്തിന്റെ വളർച്ചയും മുന്നേറ്റവുമാണ് ഡയമണ്ട് ബോഴ്‌സ് തെളിയിക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. സമ്പദ്‌മേഖലയെ ഉത്തേജിപ്പിക്കുകയും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















