ജയ്പൂർ: സംസ്ഥാനത്ത് നടന്ന ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ചുള്ള അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ. മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ ‘ ആന്റി-ഗാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സിന്’ രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
” സ്ത്രീസുരക്ഷയും, കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുക എന്നതുമാണ് ഈ സർക്കാർ പ്രഥമ പരിഗണന നൽകുന്ന വിഷയങ്ങൾ. മുൻ സർക്കാരിന്റെ കാലത്തെ പേപ്പർ ചോർച്ച അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. ചോദ്യ പേപ്പറുകൾ ചോർന്നത് വഴി വിദ്യാർത്ഥികളുടെ മനോവീര്യം കുറഞ്ഞു. സംഭവത്തിൽ കുറ്റക്കാരായാവർക്കെതിരെ കർശന നടപടിയുണ്ടാകും. വിഷയത്തിൽ പഴുതടച്ചുള്ള അന്വേഷണമായിരിക്കും നടത്തുന്നത്.
അന്ത്യോദയ യോജനയ്‌ക്കായും ഈ സർക്കാർ പ്രവർത്തിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്കായി നൽകിയ എല്ലാ ഉറപ്പുകളും ഞങ്ങൾ പാലിക്കുമെന്ന് ഉറപ്പ് നൽകുകയാണ്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ എല്ലാ പ്രശ്‌നങ്ങളേയും ഈ സർക്കാർ ഏറ്റെടുത്ത് പരിഹാരം നിർദ്ദേശിക്കും. കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രയോജനം എല്ലാ ജനങ്ങളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാൻ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുമെന്നും” ഭജൻലാൽ ശർമ്മ പറഞ്ഞു.















