മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയ്ക്ക് വധഭീഷണി. മുംബൈ പോലീസിന് ഫോൺ കോളിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. രത്തൻ ടാറ്റയ്ക്ക് സൈറസ് മിസ്ത്രിയുടെ സ്ഥിതിയുണ്ടാകുമെന്നാണ് വിളിച്ചയാൾ ഭീഷണി മുഴക്കിയത്. തുടർന്ന് സുരക്ഷ ശക്തമാക്കുന്നതിനിടയിൽ വിളിച്ചയാളെ പോലീസ് കണ്ടെത്തി.
ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പുനെ സ്വദേശിയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് വ്യക്തമായി. ഇയാളുടെ നിലവിലെ ഫോൺ ലൊക്കേഷൻ കർണാടകയിലാണെന്ന് പോലീസ് പറഞ്ഞു. അഞ്ച് ദിവസമായി ഇയാളെ കാണാത്തതിനാൽ ഭാര്യ ഭോസാരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി കാത്തിരിക്കുകയായിരുന്നു. വിളിച്ചയാൾ സ്കീസോഫ്രീനിയ രോഗിയാണെന്നും അതിനാൽ ഇയാൾക്കെതിരെ നിലവിൽ നിയമനടപടി സ്വീകരിക്കുന്നില്ലെന്നും പോലീസ് അറിയിച്ചു.
വിളിച്ചയാൾ എഞ്ചിനീയറിങ് ബിരുദധാരിയാണെന്നും ഫിനാൻസിൽ എംബിഎയും കരസ്ഥമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു . മുൻ ടാറ്റ സൺസ് ചെയർമാനും വ്യവസായിയുമായ സൈറസ് മിസ്ത്രി 2022 സെപ്റ്റംബർ നാലിനാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. മാസങ്ങൾക്ക് മുൻപ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിക്കും ഇ-മെയിൽ വഴി വധഭീഷണി ലഭിച്ചിരുന്നു.