കോലിയെക്കാൾ കേമനാകുമെന്ന് പറഞ്ഞ് പാകിസ്താൻ ആരാധകർ വാഴ്‌ത്തിയ ‘പാകിസ്താൻ കോലി അഹമ്മദ് ഷെഹ്സാദ്’ പാകിസ്താനിലെ ക്രിക്കറ്റ് മതിയാക്കി. പാകിസ്താൻ സൂപ്പർ ലീഗിൽ ഒരു ടീമും വാങ്ങാൻ തയാറാകാതിരുന്നതോടെയാണ് താരം കണ്ണീരോടെ വിരമിക്കൽ പ്രഖ്യാപിച്ചത്. കോലിയുടെ രൂപ സാദൃശ്യം കൊണ്ട് തുടക്കകാലത്ത് വാർത്തകളിൽ ഇടംപിടിച്ച താരം ബാറ്റിംഗിൽ ഒർജിനൽ കോലിയുടെ ഏഴയലത്തുപോലും വന്നില്ല. ബാറ്റിംഗിൽ തുടരെ പരാജയമായ വലം കൈയൻ ബാറ്റർ ഒടുവിൽ പാകിസ്താനായി പാഡ് കെട്ടിയത് 2019 ഒരു ടി20യിലാണ്.
ആഭ്യന്തര ക്രിക്കറ്റിലും ദേശീയ ടി20 കപ്പിലും മികച്ച പ്രകടനം നടത്തിയിട്ടും തന്നെ പിഎസ്എല്ലിൽ നിന്ന് മനഃപൂർവ്വം ഒഴിവാക്കാൻ പലരും ഇടപെട്ടെന്ന് ആരോപണം ഉന്നയിച്ചാണ് താരം അഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.
32-കാരനായ താരം 2020 ലാണ് അവസാനമായി പി.എസ്.എല്ലിൽ ഭാഗമായത്. 7 മത്സരങ്ങളിൽ നിന്ന് 61 റൺസായിരുന്നു സമ്പാദ്യം. 45 പിഎസ്എൽ മത്സരങ്ങളിൽ നിന്ന് 1077 റൺസാണ് ഷെഹ്സാദ് ഇതുവരെ നേടിയത്. അതേസമയം വിദേശ ലീഗുകളിൽ നിന്ന് അവസരം വന്നിട്ടുണ്ടെന്നും അവർക്കായി കളിക്കുമെന്നും ഷെഹ്സാദ് പറഞ്ഞു.