തിരുവനന്തരപുരം: കോഴിക്കോട് സർവകലാശാലയിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനെത്തുന്ന ഗവർണറെ തടയുമെന്ന എസ്‍എഫ്ഐയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് സംസാരിക്കാൻ ഗവർണറെ അനുവദിക്കില്ല എന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും ഈ നിലപാട് സിപിഎമ്മിന്റെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവനെ കുറിച്ച് സംസാരിക്കാനാണ് ഗവർണറെത്തുന്നത്. സിപിഎം ശ്രീനാരായണ ഗുരുവിനെതിരായി ഇത്തരത്തിലുള്ള നിലപാട് എടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് അറിയണം. സർവകലാശാലയിൽ ചാൻസിലർക്കെതിരായുള്ള വലിയ ബാനർ കെട്ടിയിരിക്കുന്നു. സർവകലാശാലയുടെ വസ്തുവകയിലാണ് എസ്എഫ്ഐക്കാർ ബാനർ കെട്ടിയിരിക്കുന്നത്. ബാനർ വേണമെന്നോ വേണ്ടെന്നോ തീരുമാനിക്കാനുള്ള അവകാശം സർവകലാശാലക്കുണ്ട്. എന്നാൽ ഇതുവരെ അത് അവിടെ നിന്ന് അഴിച്ച് മാറ്റിയിട്ടില്ല.
സർവകലാശാലയുടെയും സിപിഎമ്മിന്റെയും ഒത്താശയോടെയാണ് ഗവർണർക്കെതിരായുള്ള പ്രതിഷേധം നടക്കുന്നതെന്ന് വ്യക്തമാണ്. ഗവർണറുടെ കാർ തടഞ്ഞ് വാഹനം ആക്രമിക്കാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ വാഹനത്തിൽ കയറി രക്ഷപ്പെടാൻ സഹായിച്ചത് കേരളാ പോലീസാണ്. ഗവർണർക്ക് എന്ത് സുരക്ഷയാണ് സർക്കാർ ഒരുക്കി കൊടുക്കുന്നത്. ഗവർണറുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും മുരളീധരൻ പറഞ്ഞു.















