ധാരാളം വിറ്റാമിനുകളും, നാരുകളും മറ്റു പോഷകഘടകങ്ങളും അടങ്ങിയവയാണ് ഫലവർഗങ്ങൾ. ഒരു ദിവസം ഒരു പഴമെങ്കിലും നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തണണമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. പലപ്പോഴും ഇവ ജ്യൂസ് അടിച്ച് കുടിക്കാനായിരിക്കും നമ്മൾ ഇഷ്ടപ്പെടുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങൾ പ്രദാനം ചെയ്യുന്നില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. അറിയാം..
നാരുകളാൽ സമ്പുഷ്ടമാണ് ഫലവർഗങ്ങൾ. ഇവ ഉയർന്ന കലോറി കുറച്ച് ശരീരഭാരം നിയന്ത്രിച്ച് നിർത്തുകയും ദഹനം കൃത്യമാക്കാനും സഹായിക്കുന്നു. എന്നാൽ പഴച്ചാറുകളിൽ നാരുകളുടെ സാന്നിധ്യം കുറവാണ്. ഇത് ശരീരത്തിനു ആവശ്യമായ വിറ്റാമിനുകളോ ഫൈബർ ഘടകങ്ങളോ നൽകുന്നില്ല. കൂടാതെ പഴച്ചാറുകളിൽ അധികവും പഞ്ചസാര അമിതമായി ചേർത്താണ് നാം കുടിക്കാറുള്ളത്. ഇത് രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുന്നതിനും പ്രമേഹം, പിസിഒഡി, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കും വഴിവയ്‌ക്കുന്നു. പഴങ്ങൾ ശരിയായ രീതിയിൽ ചവച്ചരയ്‌ക്കുമ്പോൾ പഴങ്ങളിൽ അടങ്ങിയ എല്ലാ ഗുണങ്ങളും ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. വിശപ്പ് അമിതമായി തോന്നുകയാണെങ്കിൽ മാത്രം പഞ്ചസാരയിടാതെ പഴവർഗങ്ങൾ ജ്യൂസ് അടിച്ചു കുടിക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം.