കുട്ടികളുടെ ആരോഗ്യത്തിന് പ്രത്യേകം ശ്രദ്ധ നൽകുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ചില നേരത്തെ ഭക്ഷണ രീതികൾ കുട്ടികളെ പ്രതി കൂലമായി ബാധിക്കും. സ്കൂൾ കഴിഞ്ഞ് എത്തുന്ന കുഞ്ഞുങ്ങൾക്ക് പലഹാരങ്ങളും മധുരവും ഉണ്ടാക്കി കാത്തിരിക്കുന്നവരാകും ഓരോ അമ്മമാരും. എന്നാൽ ഈ ശീലം അത്ര നന്നല്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ആറ് മണിക്ക് ശേഷം കുട്ടികൾക്ക് മധുരവും എണ്ണയും ചേർന്ന ആഹാരം കൊടുക്കരുതെന്നാണ് പറയുന്നത്. ബേക്കറി വിഭവങ്ങളും മറ്റും പഠിക്കാനിരിക്കുന്ന കുട്ടികളെ ബാധിക്കും. ആറ് മണിക്ക് ശേഷം കുട്ടികളുടെ കായികാദ്ധ്വാനം വളരെക്കുറവാണ്. തുടർന്നുള്ള നേരം ഹോംവർക്ക് ചെയ്യാനും വായിക്കാനും എഴുതാനും മറ്റുമായി കുത്തിയിരിപ്പാണ് പതിവ്. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണത്തിലെ അതിമധുരം രക്തത്തിൽ അലിഞ്ഞു ചേർന്ന് കഴിഞ്ഞാലും അതിനെ ദഹിപ്പിക്കാൻ കഴിയാതെ പോകുന്നു.
എണ്ണ പലഹാരവും ഇതേ പോലെ തന്നെ ശരീരത്തിന് ദോഷം ചെയ്യുന്നു. കുട്ടികളുടെ ശരീരത്തിൽ അമിതമായ അളവിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് എണ്ണ പലഹാരം കാരണമാകുന്നു. കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ ജീവിത ശൈലി രോഗങ്ങളും ഇത്തരം ഭക്ഷണം കഴിക്കുന്നവരെ കാത്തിരിക്കുന്നു. പെട്ടെന്ന് ഉറക്കം വരാനും ഇത് കാരണമാകുന്നു. ഏകാഗ്രത നഷ്ടപ്പെടുന്നതിനും മറവി വരാനും ഇത്തരം ആഹാരവും ശീലങ്ങളും കാരണമാകുന്നു.















