തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവുമില്ലെന്നും സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃത്യമായി നൽക്കുന്നുവെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കേരളത്തിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും വേർതിരിവ് കാണിക്കില്ലെന്നും സംസ്ഥാനത്ത് നൽകേണ്ട വിഹിതം മുൻകൂറായി പോലും നൽകാറുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അന്നയോജന വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്കോ വിതരണത്തിനോ ഒരു പൈസ പോലും സംസ്ഥാന സർക്കാരിന് ചിലവാക്കേണ്ടി വരുന്നില്ല. ഗ്രാമങ്ങളിൽ വികസനം എത്തിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് അനുവദിച്ച വികസനപ്രവർത്തനങ്ങളും നിർമ്മല സീതാരാമൻ എണ്ണിപ്പറഞ്ഞു.
ജലജീവൻ മിഷന് വേണ്ടി 2.25 ലക്ഷം വീടുകളിൽ വാട്ടർ കണക്ഷൻ നൽകി, പ്രധാനമന്ത്രി ആവാസ് യോജന വഴി 5,408 വീടുകൾ നിർമ്മിച്ചു, പി.എം. ആവാസ് ഗ്രാമീണ, അർബൻ പദ്ധതികളിലൂടെ – 24,000 വീടുകൾ നിർമ്മിച്ചു, സ്വച്ഛതാ മിഷൻ വഴി – 20,000 ശുചിമുറികളാണ് നിർമ്മിച്ചത്.
ആയുഷ്മാൻ ഭാരത് പദ്ധിതിയിൽ എട്ട് ലക്ഷം പേരെ ഉൾപ്പെടുത്തി. ജൻ ഔഷധിയിലൂടെ 76 കേന്ദ്രങ്ങളുടെ നിർമ്മാണം, ഉജ്ജ്വല യോജനയിൽ 63,500 കണക്ഷനുകൾ അനുവദിച്ചു ,അന്ന യോജന പദ്ധതിക്ക് കീഴിൽ 16 ലക്ഷം ഗുണഭോക്താക്കൾക്ക് സൗജന്യ റേഷൻ വിതരണം ചെയ്തു, ജൻ ധൻ പദ്ധതി മുഖേന ജനങ്ങൾക്ക് 8.5 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കഴിഞ്ഞുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.















