55 അടി ഉയരമുള്ള കാനഡയിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ ശില്പം 2024 ഏപ്രിലിൽ അനാച്ഛാദനം ചെയ്യും. രാജസ്ഥാനിൽ നിന്നുള്ള ശിൽപി നരേഷ് കുമാവത് നിർമ്മിച്ചതാണ് ഈ ഹനുമാൻ ശില്പം . പ്രാദേശിക ക്ഷേത്ര മാനേജ്‌മെന്റിന്റെ ഫണ്ട് ഉപയോഗിച്ച് ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിലാണ് ശില്പം നിർമ്മിച്ചത് . ഹനുമാൻ ജയന്തി ദിനത്തിൽ ശില്പം അനാച്ഛാദനം ചെയ്യണമെന്നത് തങ്ങളുടെ ആഗ്രഹമാണെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു.
അനാച്ഛാദനത്തിന് മുമ്പ് വരാനിരിക്കുന്ന വേനൽക്കാല മാസങ്ങളിൽ ശില്പത്തിന്റെ അന്തിമ മിനുക്കുപണികൾ പൂർത്തിയാക്കും.വോയ്സ് ഓഫ് വേദാസ് ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്ന 50 അടി വലിപ്പമുള്ള കാനഡയിലെ ആദ്യത്തെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമയും കുമാവതാണ് അന്ന് നിർമ്മിച്ചത് .
ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി 75 അടി സമുദ്ര മന്തൻ ചുവർചിത്രവും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട് . സ്മാരക ശിൽപങ്ങൾക്ക് പേരുകേട്ട കുമാവത് ഇംഗ്ലണ്ട്, യുഎസ്, ഓസ്‌ട്രേലിയ, പോളണ്ട്, മൗറീഷ്യസ്, സീഷെൽസ്, ദുബായ്, ഒമാൻ, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സ്വാമി വിവേകാനന്ദൻ, ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ, രവീന്ദ്രനാഥ ടാഗോർ, ഇന്ദിരാഗാന്ധി, മഹാത്മാഗാന്ധി, മാർട്ടിൻ ലൂഥർ കിംഗ്, നെൽസൺ മണ്ടേല തുടങ്ങിയ പ്രമുഖരുടെ ശില്പങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അതേസമയം ഖലിസ്ഥാനി ഭീകരരുടെ എതിർപ്പുകൾ ഉണ്ടായതിനെ തുടർന്ന് സ്ഥലത്ത് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.