ആലപ്പുഴ: എംഎസ്എം കോളേജിലെ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് ഉൾപ്പെടെയുള്ളവർക്ക് വ്യാജബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ സംഘം പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം. മേഘശ്വരൻ, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡി, ദിവാകർ റെഡി എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽ നിന്നാണ് 4 അംഗ സംഘത്തെ പോലീസ് പിടികൂടിയത്.
എസ്എഫ്‌ഐ പ്രവർത്തകനായ നിഖിൽ തോമസിന് ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബികോം സർട്ടിഫിക്കറ്റ് കൈമാറിയത് മുഹമ്മദ് റിയാസാണ്. പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് പ്രതികളുടെ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിലാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഞ്ഞൂറോളം വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററുകളും മറ്റു ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.