ആരാധകരെ വീണ്ടും ആവേശത്തിലാഴ്‌ത്തി സംവിധായകൻ ലോകേഷ് കനകരാജ്. താൻ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേയ്‌ക്ക് കടക്കുകയാണെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ലോകേഷ്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. പുതിയ ചിത്രത്തിന്റെ പണികൾ ആരംഭിക്കുന്നതിനാൽ താത്ക്കാലികമായി സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകേഷ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ…
🤗❤️ pic.twitter.com/0EL6PAlbdQ
— Lokesh Kanagaraj (@Dir_Lokesh) December 16, 2023
‘ജി സ്‌ക്വാഡിന്റെ ബാനറിൽ ഞാൻ നിർമ്മിച്ച ഫൈറ്റ് ക്ലബ് എന്ന ചിത്രം സ്വീകരിച്ചതിന് നിങ്ങളോടെല്ലാവരോടും ഞാൻ നന്ദി അറിയിക്കുന്നു. അതോടൊപ്പം മറ്റൊരു സുപ്രധാന കാര്യവും ഞാൻ അറിയിക്കുകയാണ്. എന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേയ്‌ക്ക് കടക്കുന്നതിനാൽ കുറച്ച് കാലത്തേയ്‌ക്ക് ഞാൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും മാറി നിൽക്കുകയാണ്.
പൂർണമായും പുതിയ സിനിമയുടെ പണിപ്പുരയിൽ ആയിരിക്കുന്നതിനാൽ മൊബൈൽ ഫോണിലും എന്നെ ബന്ധപ്പെടാൻ സാധിക്കുകയില്ല. ഇതുവരെ എനിക്ക് നൽകിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും ഞാൻ എല്ലാവരോടും നന്ദി അറിയിക്കുകയാണ്. പുതിയ ചിത്രത്തിനും നിങ്ങളുടെ സ്‌നേഹവും പ്രാർത്ഥനയും ഒപ്പമുണ്ടാകണമെന്നും ലോകേഷ് കുറിച്ചു.
അതേസമയം കഴിഞ്ഞ ദിവസം തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പ്രതികരിച്ച് ലോകേഷ് രംഗത്തെത്തിയിരുന്നു. എക്‌സും ഇൻസ്റ്റഗ്രാമും മാത്രമാണ് താൻ ഉപയോഗിക്കുന്നത്. മറ്റുള്ള അക്കൗണ്ടുകളെല്ലാം വ്യാജമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളൊന്നും വിശ്വസിക്കരുതെന്നും ലോകേഷ് അറിയിച്ചിരുന്നു.
എൽസിയുവിൽ ഇനി വരാനിരിക്കുന്നത് രണ്ട് ചിത്രങ്ങളാണ്. അതിലൊന്ന് ഹിറ്റ് ചിത്രം കൈതിയുടെ രണ്ടാം ഭാഗമാണ്. അതിന് മുന്നോടിയായി രജനികാന്തിനെ നായകനാക്കി ഒരു ഫാൻബോയ് ചിത്രം ഒരുങ്ങുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതിൽ ഏത് ചിത്രത്തിന്റെ പണിപ്പുരയിലേയ്‌ക്കാണ് ലോകേഷ് കടന്നിരിക്കുന്നത് എന്ന ആകാക്ഷയിലാണ് ആരാധകർ.