ഹാർദിക് പാണ്ഡ്യ എത്തിയതോടെ നായക സ്ഥാനം നഷ്ടമായ രോഹിത് ശർമ്മയെ ടീമിലെത്തിക്കാൻ ചരടുവലിച്ച് ഒരു ഐപിഎൽ ടീം. ഡൽഹി ക്യാപിറ്റൽസാണ് രോഹിത്തിനായി മുംബൈയെ സമീപിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ നായകൻ റിഷഭ് പന്ത് ഇത്തവണ ഐപിഎല്ലിലേക്ക് മടങ്ങിയെത്തുമെങ്കിലും ഇംപാക്ട് പ്ലേയറായി മാത്രമാകും താരം കളിക്കുക. ഇതാണ് രോഹിത്തിനെ ടീമിലെത്തിക്കാൻ ഡൽഹിയെ പ്രേരിപ്പിക്കുന്നത്.
പരിക്കിൽ നിന്ന് ഏറെക്കുറെ മുക്തനായെങ്കിലും പന്തിനെ വിക്കറ്റ് കീപ്പറായി നിർത്താൻ മാനേജ്മെന്റിന് താത്പ്പര്യമില്ല. ബിസിസിഐയും താരത്തിന്റെ പ്രോഗ്രസ് നിരീക്ഷിക്കുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസിന്റെ രോഹിത് ശർമ്മയ്‌ക്ക് വേണ്ടിയുള്ള ആദ്യ ആവശ്യം മുംബൈ പരിഗണിച്ചിട്ടില്ല. എന്നാൽ ഏതുവിധേനയും രോഹിത്തിനെ ടീമിലെത്തിക്കാനാണ് ഡൽഹിയുടെ ശ്രമം.
2011 മുതൽ മുംബൈയുടെ നെടുംതൂണായ രോഹിത് ഡൽഹിക്കൊപ്പം പോയാൽ അതു മുംബൈ മാനേജ്മെന്റിന് വലിയ തിരിച്ചടിയാകും. ടീമിലെ ഒത്തിണക്കമില്ലായ്മ പുറത്തുവരികയും ചെയ്യും. രോഹിത്തിനെ എത്തിക്കാനായില്ലെങ്കിൽ ഡേവിഡ് വാർണർ ക്യാപ്റ്റൻ സ്ഥാനത്ത് തുടർന്നേക്കും.