ചെന്നൈ: തമിഴ്നാട്ടിലെ പുഴൽ വനിതാ ജയിലിൽ നിന്നും കടന്നുകളഞ്ഞ തടവുകാരി ബെംഗളൂരുവിൽ പിടിയിലായി. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നാണ് യുവതിയെ പിടികൂടിയത്. ജയന്തി ബെംഗളൂരുവിലുണ്ടെന്ന വിവരം ചെന്നൈ പോലീസിനെ കർണാടക പോലീസ് അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജയന്തിയെ കണ്ടെത്തിയത്. ചെന്നൈ സ്റ്റേഷനിൽ മൂന്ന് മോഷണ കേസുകളിലെ പ്രതിയാണ് ബെംഗളൂരു സ്വദേശിനിയായ ജയന്തി.
ഗുണ്ടാ നിയമ പ്രകാരം ചെന്നൈ പോലീസിന്റെ പിടിയിലായിരുന്ന ജയന്തി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ഡിസംബർ മൂന്നിനായിരുന്നു സംഭവം. തടവുകാരുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനിടെയാണ് ജയന്തി മുങ്ങിയ കാര്യം ജീവനക്കാർ മനസിലാക്കുന്നത്. തുടർന്ന് രണ്ട് സംഘമായി ചേർന്ന് ജയന്തിക്കായി അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് പ്രതി ബെംഗളൂരുവിലുണ്ടെന്ന വിവരം ചെന്നൈ പോലീസിന് ലഭിച്ചത്. തടവുകാരി ജയിൽ ചാടിയതിന് പിന്നാലെ രണ്ട് ജയിൽ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.