മുംബൈ: ‘കൈത്താങ്ങ്’ എന്ന സന്ദേശവുമായി മഹാരാഷ്‌ട്രയിലെ റായ്ഗഡിലെ പെൻഇൽ നിന്നും കശ്മീരിലേക്ക് സ്‌കൂട്ടർ യാത്രയുമായി രണ്ട് മലയാളി യുവതികൾ. സേതുലക്ഷ്മി, ആതിര എന്ന രണ്ടു മുംബൈ മലയാളി യുവതികളാണ് സന്ദേശ യാത്ര നടത്തി രാജ്യത്തിന് മാതൃകയാവുന്നത്.
കാശ്മിരിലേക്കുള്ള യാത്രവേളയിൽ ഓരോ പ്രദേശങ്ങളിലെയും പ്രാദേശിക വിപണനവസ്തുക്കൾ വാങ്ങി വഴിയോര കച്ചവടം നടത്തി അതിൽ നിന്നും കിട്ടുന്ന വരുമാനം അതാത് പ്രദേശങ്ങളിൽ തന്നെയുള്ള പാവപെട്ട കുട്ടികൾക്കും നിരാലംബകർക്കും നൽകി ഒരു ‘കൈത്താങ്ങ് ‘ആകാനാണ് ഇവർ ഉദ്ദേശിക്കുന്നത്. അതോടൊപ്പം യാത്രയെ സ്‌നേഹിക്കുന്നവർക്ക് യാത്രചെയ്യാനുള്ള പ്രചോദാനമാവുക എന്നത് കൂടി ഉദ്ദേശിച്ചാണ് ഈ യാത്ര എന്നും അവർ പറഞ്ഞു.
ഇന്ന് രാവിലെ 10 മണിക്ക് റായ്ഗഡ് ജില്ലയിലെ പെൻ മുനിസിപ്പൽ ഗ്രൗണ്ടിനു മുമ്പിൽ നിന്നും ആരംഭിച്ച യാത്ര പെൺ മലയാളി സമാജം പ്രസിഡന്റ് സി കെ ഷിബുകുമാർ ഫ്‌ലാഗ് ഓഫ് ചെയ്തു. പെനിലെ സാമൂഹിക പ്രവർത്തകരും മറ്റും ചേർന്ന് ഇവർക്ക് യാത്രായപ്പ് നൽകുകയും ചെയ്തു.
അതേസമയം ഇതുപോലുള്ള ദീർഘ ദൂര യാത്രകളിൽ പുതിയൊരു ആശയവുമായി യാത്ര പോകുന്ന ഫെയ്മ മഹാരാഷ്‌ട്ര വനിത വേദി അംഗങ്ങൾ കൂടിയായ മലയാളി യുവതികൾക്കെല്ലാവിധ ആശംസകളും നേരുന്നതായി ഫെയ്മ മഹാരാഷ്‌ട്ര യാത്ര സഹായവേദി ഭാരവാഹികൾ അറിയിച്ചു.















