എറണാകുളം: കൊച്ചിയിൽ ക്ഷേത്രോത്സവത്തിനിടയിൽ ആന ഇടിഞ്ഞു. എറണാകുളം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആദി കേശവൻ എന്ന ആനയാണ് ഇടഞ്ഞത്. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. ആന ഇടറുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ക്ഷേത്രോത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്ന് എഴുന്നള്ളത്ത് ആരംഭിക്കാനിരിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്.
ആനപ്പുറത്ത് തിടമ്പെടുത്ത് ഇരുന്ന നാലുപേരുമായി ആന ക്ഷേത്ര മുറ്റം വിട്ട് റോഡിലേക്കിറങ്ങി ഓടുകയായിരുന്നു. ആന ഇടഞ്ഞെന്ന് തോന്നിയതോടെ മേളം നിർത്തി ആളെ താഴെയിറക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പിന്നീട് തലകുടഞ്ഞ് രണ്ട് പേരെ താഴേക്ക് വീഴ്‌ത്തി ചവിട്ടാൻ ശ്രമിച്ചു. അത്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്. ആനപ്പുറത്ത് നിന്ന് താഴേക്ക് വീണ ഒരാളെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ട്പേർ മരക്കൊമ്പിൽ തൂങ്ങിപ്പിടിച്ചായിരുന്നു രക്ഷപ്പെട്ടത്.
ഒരു മണിക്കൂറോളം ആന പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് തളയ്‌ക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഇടഞ്ഞ ആന.