ജോഹാനസ്ബർഗ്: ലോകകപ്പിന് ശേഷമുള്ള ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയ്‌ക്ക് സമ്പൂർണ വിജയം. ദക്ഷിണാഫ്രിക്കയുടെ 116 റൺസ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. 8 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ 116 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടാകുകയായിരുന്നു. ഇന്ത്യൻ യുവനിരയുടെ സമഗ്രാധിപത്യമാണ് പ്രോട്ടീസ് നിരയുടെ തകർച്ചയ്‌ക്ക് കാരണമായത്. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അർഷ്ദീപ് സിംഗാണ് പ്രോട്ടീസിനെ തകർത്തത്. ആവേശ് ഖാൻ നാല് വിക്കറ്റ് വീഴ്‌ത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സായ് സുദർശന്റെയും(55) ശ്രേയസ് അയ്യരുടെയും(52) അർദ്ധ സെഞ്ച്വറി കരുത്തിലാണ് വിജലക്ഷ്യം അതിവേഗം മറികടന്നത്. മത്സരം ആരംഭിച്ച് 3.4 ഓവറിൽ തന്നെ ഇന്ത്യയ്‌ക്ക് ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. 5 റൺസെടുത്ത താരത്തെ വിയാൻ മൾഡറാണ് കൂടാരം കയറ്റിയത്. പിന്നാലെ ക്രീസിലൊന്നിച്ച സായ് സുദർശൻ – ശ്രേയസ് അയ്യർ സഖ്യം വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെ ടീം സ്‌കോർ അതിവേഗം നൂറ് കടന്നു. അയ്യരെ പുറത്താക്കി ആൻഡിലെ ഫെഹ്ലുക്വായോയാണ് ഈ കൂട്ട്‌ക്കെട്ട് തകർത്തത്. തിലക് വർമ്മയും(1) സായ്ദുർശനും പുറത്താകാതെ നിന്നു. സായ് സുദർശന്റെ അരങ്ങേറ്റ മത്സരത്തിലെ കന്നി അർദ്ധ സെഞ്ച്വറി നേട്ടത്തിനും സ്‌റ്റേഡിയം സാക്ഷിയായി.
ദക്ഷിണാഫ്രിക്കയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ റീസ ഹെൻട്രിക്സിനെ (0) അർഷ്ദീപ് സിംഗ് കുടാരം കയറ്റിയതിന് പിന്നാലെ വാൻഡെർ ദസ്സനും (0) പുറത്തായി. മൂന്നാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ച ടോണി ഡി സോർസിയും ക്യാപ്റ്റൻ ഏയ്ഡൻ മാർക്രവും ചേർന്ന് ടീം സ്‌കോർ 42 എത്തിച്ചിരുന്നു. പക്ഷേ ടോണി ഡി സോർസിയെ(28) മടക്കി അർഷ്ദീപ് സിംഗ് ഈ കൂട്ടുക്കെട്ട് പൊളിച്ചു. പിന്നാലെ ഹെന്റിച്ച് ക്ലാസനും (6) മടങ്ങി. എയ്ഡൻ മാർക്രം(12), വിയാൻ മൾഡറും (0) ഡേവിഡ് മില്ലർ (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഒമ്പതാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ച ആൻഡിലെ ഫെഹ്ലുക്വായോ നടത്തിയ ഒറ്റയാൾപ്പോരാട്ടമാണ് ടീം സ്‌കോർ മൂന്നക്കം കടക്കാൻ കാരണം. നാന്ദ്രെ ബർഗറെ പുറത്താതോടെയാണ് ദക്ഷിണാഫ്രിക്കൻ പതനം പൂർണമായത്. 11 റൺസുമായി ടാബ്രൈസ് ഷംസി പുറത്താകാതെ നിന്നു.