ലക്നൗ: 2047-ഓടെ ഭാരതം വികസിത രാഷ്‌ട്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ഭാരതീയരും അതിന് വേണ്ടി പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയിൽ നടന്ന വികസിത് ഭാരത് സങ്കൽപ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സർക്കാർ ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികൾ കൃത്യമായി ജനങ്ങളിലെത്തണം എന്നതാണ് വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. എല്ലാ സംസ്ഥാനങ്ങളിലെയും സർക്കാർ ജനങ്ങളുടെ ക്ഷേമത്തിനായി മുന്നിൽ നിന്ന് പ്രവർത്തിക്കണം. നാല് കോടി കുടുംബങ്ങൾക്ക് വീടുകൾ ലഭിച്ചു. വികസിത് ഭാരത് സങ്കൽപ് യാത്രയുടെ വിജയത്തിനായി എല്ലാ മേഖലകളിലെയും പ്രതിനിധികളുടെ സംഭാവനകൾ അത്യന്താപേഷിതമാണ്. 2047-ഓടെ ഇന്ത്യ തീർച്ചയായും വികസനം കൈവരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി വാരാണാസിയിലെത്തിയത്. വാരാണാസിയിൽ 19,000 കോടിയുടെ 37 പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഡിസംബർ 17 മുതൽ 31 വരെ നടക്കുന്ന കാശി തമിഴ് സംഗമത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.