ലക്നൗ: വാരാണസിയിലെ കിഴക്കൻ ചരക്ക് ഇടനാഴിയുടെ നവീകരിച്ച ഭാഗം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇടനാഴിയുടെ 402 കിലോമീറ്റർ ഭാഗമാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നത്. 10,903 കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ ഭാഗം ഡൽഹി-ഹൗറ റെയിൽവേ റൂട്ടിൽ ചന്ദൗലി, മിർസാപൂർ, പ്രയാഗ്‌രാജ് തുടങ്ങിയ ജില്ലകളിലൂടെയായിരിക്കും കടന്നുപാകുന്നത്.
ഉത്തർപ്രദേശിലെ കൗശാംബി, ഫത്തേപൂർ, കാൺപൂർ നഗർ, കാൺപൂർ തുടങ്ങിയ 12 സ്റ്റേഷനുകളിലൂടെയാണ് ഈ ഇടനാഴി കടന്നുപോകുന്നത്. മണിക്കൂറിൽ 100 കിമീ വരെ വേഗതയിൽ ചരക്കുവാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാനാകും. ഡൽഹി-ഹൗറ പ്രധാന പാതയിലെ തിരക്ക് കുറയ്‌ക്കുക, യാത്രാസൗകര്യം സുഗമമാക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്.
ഈ പദ്ധതിയിലൂടെ ചരക്ക് ഗതാഗതം മെച്ചപ്പെടുത്തുക മാത്രമല്ല, സാമ്പത്തികം, വാണിജ്യം തുടങ്ങിയ മേഖലകളുടെ വളർച്ചക്ക് വഴി വെക്കുകയും ചെയ്യുന്നു. കൃഷി, കരകൗശലം തുടങ്ങിയ മേഖലകളിൽ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇടനാഴി സഹായിക്കുന്നു. ഗതാഗതം സുഗമമാക്കുന്നതിനും സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനും പുതിയ ഇടനാഴി സഹായകമാകുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.