കർണ്ണാടകയിൽ പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളെക്കൊണ്ട് സ്കൂൾ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ചു; പ്രിൻസിപ്പൽ അടക്കം അഞ്ച് പേർക്കെതിരെ കേസ്

Published by
Janam Web Desk

ബെംഗളൂരു: മാലൂർ താലൂക്കിലെ യലുവഹള്ളിയിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളെ നിർബന്ധിച്ച് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയതായി പരാതി. അധ്യാപിക മൊബൈൽ ഫോണിൽ പകർത്തിയ വൈറലായ വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂളിലെ ഏഴ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ഡിസംബർ ഒന്നിന് സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കിക്കുകയായിരുന്നു. ഫോട്ടോ വൈറലായതിനെ തുടർന്ന് ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം പുറത്തറിയുന്നത്.

7 മുതൽ 9 വരെയുള്ള ക്ലാസുകളിലെ ആറ് വിദ്യാർത്ഥികളെ നിർബന്ധിച്ച് സെപ്റ്റിക് ടാങ്കിൽ പ്രവേശിച്ച് വൃത്തിയാക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. പ്രിൻസിപ്പലും ഒരു അദ്ധ്യാപകനും അവിടെ ഉണ്ടായിരുന്നു.

സ്‌കൂളിൽ തങ്ങൾ അനുഭവിക്കുന്ന കഠിനമായ പീഡനങ്ങൾ വിവരിച്ചുകൊണ്ട് വിദ്യാർത്ഥികൾ തങ്ങളുടെ വിഷമങ്ങൾ പങ്കുവെക്കുന്നത് വീഡിയോയിൽ കാണാം. രാത്രിയിൽ ഹോസ്റ്റലിന് പുറത്ത് മുട്ടുകുത്തി നിർത്തി, ശാരീരിക പീഡനം ഉൾപ്പെടെയുള്ള ശിക്ഷയ്‌ക്ക് വിധേയരായതായി അവർ ആരോപിക്കുന്നു.
സംസ്ഥാന റസിഡൻഷ്യൽ സ്‌കൂൾ ഡയറക്ടർ നവീൻ കുമാർ, സാമൂഹികക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീനിവാസ് എന്നിവർ സ്‌കൂളിലെത്തി അന്വേഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ഭരതമ്മ, അധ്യാപകൻ മുനിയപ്പ, ഹോസ്റ്റൽ വാർഡൻ മഞ്ജുനാഥ്, ഗസ്റ്റ് അധ്യാപകൻ അഭിഷേക് എന്നിവരെസസ്‌പെൻഡ് ചെയ്തു. ഭരതമ്മയും മുനിയപ്പയും അറസ്റ്റിലായെങ്കിലും മറ്റുള്ളവരെ ഇനിയും കണ്ടെത്താനുണ്ട്.

സാമൂഹികക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീനിവാസ് നൽകിയ പരാതിയെ തുടർന്നാണ് നാലുപേർക്കെതിരെ കേസെടുത്തതെന്ന് കോലാർ പോലീസ് സൂപ്രണ്ട് എം നാരായൺ പറഞ്ഞു. കുട്ടികളുടെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതിന് നാല് പേർക്കെതിരെ അതിക്രമ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ചിത്രകലാ അധ്യാപകൻ മുനിയപ്പയ്‌ക്കെതിരെ പോക്‌സോ പ്രകാരമാണ് പോലീസ് കേസെടുത്തത്.

വാർത്ത പരന്നതോടെ നിരവധി രക്ഷിതാക്കൾ സ്‌കൂളിലെത്തി,തങ്ങളുടെ കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാൻ അവർ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.

ഇതിനു മുൻപും പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളോട് ഈ സ്‌ക്കൂളിൽ നടക്കുന്ന ക്രൂരതകൾ വാർത്ത ആയിട്ടുണ്ട്
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇതേ സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ അഭിഷേക് പരീക്ഷയ്‌ക്ക് തയ്യാറെടുക്കാത്തതിന് വിദ്യാർത്ഥികളെ ക്രൂരമായി ശിക്ഷിച്ചത്, ആ ഫോട്ടോകളും വൈറലായിരുന്നു.

Share
Leave a Comment