ശ്രീനഗർ: ജമ്മുകശ്മീരിൽ കനത്ത മഞ്ഞുവീഴ്ച. ഗുൽമാർഗിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. 60-ഓളം വിനോദസഞ്ചാരികളെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. ഗുൽമാർഗിൽ തുടർച്ചയായുണ്ടാകുന്ന മഞ്ഞുവീഴ്ചയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി വിനോദസഞ്ചാരികളാണ് കുടുങ്ങി കിടന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് മഞ്ഞുവീഴ്ച ശക്തമായതോടെ സഞ്ചാരികൾ കുടുങ്ങിയത്. മഞ്ഞുവീഴ്ചയെത്തുടർന്ന് പ്രദേശത്തേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. ഇതിനിടെയാണ് സൈനികർ രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ന് 61 വിനോദസഞ്ചാരികളെ പുറത്തെത്തിച്ചതായി സൈന്യം അറിയിച്ചു. മഞ്ഞുവീഴ്ച ശക്തമാകുന്നതിനാൽ പ്രദേശത്ത് താമസിക്കുന്നവർ വളരെ ബുദ്ധിമുട്ടിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.















