ചെറിയ ചിത്രമായി വന്ന് പ്രമോഷൻ പരിപാടികളിലൂടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് നേര്. ചിത്രം തീയേറ്ററിലെത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി സംവിധായകൻ ജീത്തു ജോസഫ്. ബേസിൽ ജോസഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നുണക്കുഴി’ എന്ന സിനിമയുടെ ചിത്രീകരണമാണ് പൂർത്തിയായിരിക്കുന്നത്.
ഡാർക്ക് ഹ്യൂമർ ജോണറിൽ കഥപറയുന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയത് കെ ആർ കൃഷ്ണകുമാർ ആണ്. ജീത്തു ജോസഫിന്റെ മുൻചിത്രങ്ങളായ ട്വൽത്ത് മാൻ, കൂമൻ എന്നിവയുടെ തിരക്കഥാകൃത്താണ് കൃഷ്ണകുമാർ. ഗ്രേസ് ആന്റണി, മനോജ് കെ ജയൻ, സ്വാസിക, സിദ്ദിഖ്, ബൈജു സന്തോഷ്, സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങൾ ചെയ്യുന്നത്. ജീത്തുവിന്റെ സിനിമകളിലെ പതിവ് സാന്നിധ്യങ്ങളായ ഛായാഗ്രാഹകൻ സതീഷ് കുറുപ്പും ചിത്രസംയോജകൻ വിനായക് വി എസും നുണക്കുഴിയുടെ ഭാഗവുമാണ്.















