അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ മകൾ നന്ദനയുടെ ഓർമ്മകളിലാണ് ഗായിക കെഎസ് ചിത്ര ഇപ്പോഴും ജീവിക്കുന്നത്. മകൾ വേർപിരിഞ്ഞിട്ട് പന്ത്രണ്ട് വർഷം പിന്നിട്ടിട്ടും നന്ദനയുടെ പിറന്നാൾ ദിനത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കിട്ട് ആരാധകരെ കണ്ണീരണിയിക്കുകയാണ് ചിത്ര. മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അവൾ അവശേഷിപ്പിച്ചുപോയ വിടവ് നികത്താൻ ഒരിക്കലും സാധിക്കില്ലെന്ന് ചിത്ര കുറിച്ചത്. മകളുടെ അസാന്നിധ്യം ഏൽപ്പിക്കുന്ന വേദനയെക്കുറിച്ച് മുമ്പ് അഭിമുഖങ്ങളിലുൾപ്പെടെ ചിത്ര വെളിപ്പെടുത്തിയിരുന്നു.
‘എന്റെ ഹൃദയത്തിൽ ഒരു വിടവ് അവശേഷിപ്പിച്ചാണ് നീ പോയത്. അത് നികത്താൻ ഒരിക്കലും എനിക്ക് സാധിക്കില്ല. ഓരോ ദിവസം കഴിയും തോറും ഞാൻ നിന്നെ കൂടുതൽ മിസ് ചെയ്യുകയാണ്. പിറന്നാൾ ആശംസകൾ നന്ദനാ’ എന്ന നൊമ്പരമുണർത്തുന്ന കുറിപ്പാണ് ചിത്ര പങ്കുവച്ചത്. ആരാധകരെയും കണ്ണീരണിയിപ്പിക്കുന്ന പോസ്റ്റിന് കീഴെ ആശ്വാസ വാക്കുകളുമായി നിരവധി പേരാണ് എത്തുന്നത്.
വിവാഹശേഷം പതിനഞ്ച് വർഷം കാത്തിരുന്ന് 2002ലാണ് ചിത്രയ്‌ക്കും ഭർത്താവ് വിജയ്ശങ്കറിനും പെൺകുഞ്ഞ് ജനിച്ചത്. കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദനയെന്ന് പേരും നൽകി. മകളെ ചിത്രയ്‌ക്ക് നഷ്ടമായത് ഒരു വിഷു ദിനത്തിലായിരുന്നു. 2011ൽ ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണാണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെട്ടത്.