ചെന്നൈ: തമിഴ്നാട് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. സംസ്ഥാനത്ത് ഭരണമാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അതിന് സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം സുപ്രധാനമാണെന്നും അണ്ണാമലൈ പറഞ്ഞു. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ സംഘടിപ്പിച്ച എൻ മണ്ണ് എൻ മക്കൾ പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ കർഷകർ പട്ടിണിയിലാണ്. സ്ത്രീകളുടെ ഉപജീവനമാർഗം ഇല്ലാതാകുന്നു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ നഷ്ടമാകുന്നു. ഇത്തരം പ്രതിസന്ധികൾക്ക് അറുതി വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണം. അതിന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിൽ 25,000 കോടി രൂപയാണ് ജനങ്ങളുടെ പൊതുക്ഷേമത്തിനായി അനുവദിച്ചത്. എന്നാൽ ഡിഎംകെ സർക്കാർ അത് അട്ടിമറിച്ചു.
കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നില്ല. കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ട് ഡിഎംകെ സർക്കാർ കൊള്ളയടിക്കുകയാണ്. രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നാണ് ഡിഎംകെയുടെ പ്രധാന ആരോപണം. എന്നാൽ മാതൃഭാഷയായ തമിഴിന് പ്രധാനമന്ത്രി നൽകുന്ന പ്രാധാന്യം കാശി സംഗമത്തിൽ വ്യക്തമായതാണ്. തമിഴ് സംസ്കാരത്തിനും പാരമ്പര്യം പേറുന്ന തിരുക്കുറളിനും നൽകുന്ന പ്രാധാന്യം വളരെ വലുതാണ്. 16 ഭാഷകളിലേക്കാണ് തിരുക്കുറൾ പരിഭാഷപ്പെടുത്തിയത്. പ്രധാനമന്ത്രി തമിഴ് ഭാഷ ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിലെ നിരവധി ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പദയാത്ര സംഘടിപ്പിച്ചത്. നിരവധി ബിജെപി നേതാക്കൾ പദയാത്രയിൽ പങ്കെടുത്തു.















