അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ലംഗർ (സിഖ് സമൂഹ അടുക്കള) സംഘടിപ്പിക്കാൻ നിഹാംഗ് സിഖ് സമൂഹം. നിഹാംഗ് ബാബ ഫക്കീർ സിംഗ് ഖൽസയുടെ എട്ടാമത്തെ പിൻഗാമിയായ ജതേദാർ ബാബ ഹർജിത് സിംഗ് റസൻപൂരാണ് ഉദ്ഘാടന വേളയിൽ ലംഗാർ സേവ സംഘടിപ്പിക്കുന്നത്. 1858ൽ നിഹാംഗ് ബാബയായിരുന്ന ഫക്കീർ സിംഗ് ഖൽസയുടെ നേതൃത്വത്തിൽ ബാബറി മസ്ജിദിൽ ഹവനം നടത്തിയിരുന്നു. രാമജന്മഭൂമിയെ മുസ്ലീം കടന്നു കയറ്റത്തിൽ നിന്ന് മോചിപ്പിക്കാൻ ഹിന്ദു സമൂഹത്തോട് ചേർന്നു നിന്നവരാണ് നിഹാംഗ് സിഖ് സമൂഹം.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിൽ നിന്ന് ഞങ്ങൾക്ക് മാറിനിൽക്കാനാവില്ലെന്ന് ബാബ ഹർജിത് സിംഗ് റസൂൽപൂർ പറഞ്ഞു. തന്റെ പൂർവ്വികരെപ്പോലെ തനിക്കും ശ്രീരാമനോട് യഥാർത്ഥ ഭക്തിയും വിശ്വാസവും ഉണ്ട്. മറ്റ് നിഹാഖ് സിഖുകാർക്കൊപ്പം ജനുവരി 22-ന് അയോദ്ധ്യയിൽ ലംഗർ അടുക്കള സംഘടിപ്പിക്കും. ഇതിനായി രാജ്യത്തുനിന്നും വിദേശത്തുനിന്നും ഭക്തർ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
1858 നവംബർ മാസത്തിൽ തങ്ങളുടെ ഗുരുവായ ഫക്കീർ സിംഗ് ഖൽസയുടെ നേതൃത്വത്തിൽ 25 നിഹാങ് സിഖുകാർ ബാബറി മസ്ജിദ് പിടിച്ചെടുത്ത് പരമ്പരാഗത പൂജകൾ നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ബാബറി മസ്ജിദിന്റെ ചുവരുകളിൽ രാമനാമം എഴുതുകയും കാവി പതാക ഉയർത്തുകയും ചെയ്തു. അക്കാലത്തെ മസ്ജിദിന്റെ ചുമതലക്കാരന്റെ പരാതിയെത്തുടർന്ന്, 1858 നവംബർ 30-ന് അന്നത്തെ അവധ് പോലീസ് സ്റ്റേഷനിൽ നിഹാംഗ് സിഖുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
”ഞാൻ നിഹാങ് സിംഗ് ആണെങ്കിലും, എനിക്ക് സനാതന ധർമ്മത്തിലും സിഖ് മതത്തിന് തുല്യമായ വിശ്വാസമുണ്ട്. രാമക്ഷേത്രത്തിന് വേണ്ടി പോരാടിയവരിൽ സിഖുകാരും ഉണ്ടായിരുന്നുവെന്ന് സിഖുകാർക്കും ഹിന്ദുക്കൾക്കുമിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന എല്ലാ മതമൗലികവാദികളും അറിയണം. തനിക്ക് ഒരു രാഷ്‌ട്രീയ പാർട്ടിയുമായും ബന്ധമില്ല, ഞാൻ തനത് പാരമ്പര്യങ്ങളുടെ വാഹകൻ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിഹാംഗുകളും ഹിന്ദുക്കളും തമ്മിലുള്ള ഏകോപനം നിലനിർത്താൻ ശ്രമിച്ചത് കൊണ്ടാണ് എനിക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നത്. ഞാൻ ഒരു അമൃതധാരി (സ്‌നാനമേറ്റ) സിഖുകാരനാണ്, ഒപ്പം ഞാൻ കഴുത്തിൽ രുദ്രാക്ഷമാല ധരിക്കുന്നു, അതാണ് തന്റെ വിശ്വാസം ”ജതേദാർ ബാബ ഹർജിത് സിംഗ് റസൂൽപൂർ പറഞ്ഞു.















