ദുബായിലെ കൊക്കകോള അരീനയിൽ നടന്ന ഐപിഎൽ താരലേലത്തിൽ കോടികൾ വാരി യുവതാരങ്ങളായ സമീർ റിസ്വിയും ശുഭം ദുബെയും. ചെന്നൈ സൂപ്പർ കിംഗ്‌സാണ് 8.4 കോടി മുടക്കി റിസ് വിയെ ടീമിലെത്തിച്ചത്. ശുഭം ദുബെയെ 5.8 കോടി രൂപയ്‌ക്ക് ടീമിലെത്തിച്ചത് രാജസ്ഥാൻ റോയൽസാണ്. ഇരുതാരങ്ങൾക്കും വേണ്ടിയുള്ള ടീമുകളുടെ വാശിയേറിയ ലേലമാണ് ദുബായിൽ നടന്നത്. ആഭ്യന്തര ക്രിക്കറ്റിലെ ഫിനിഷർ റോളിലെ ഇരുവരുടെയും മികച്ച പ്രകടനമാണ് ഫ്രാഞ്ചെസികൾ സ്വന്തമാക്കാൻ കാരണം.
ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർ പ്രദേശിന് വേണ്ടിയാണ് സമീർ റിസ് വി കളിക്കുന്നത്. ശുഭം ദുബെ വിദർഭയുടെ താരമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 211 റൺസാണ് ദുബെ നേടിയത്. ബംഗാളിനെതിരായ മത്സരത്തിലെ ദുബെയുടെ ബാറ്റിംഗ് കരുത്തിലാണ് (58) 213 റൺസ് ലക്ഷ്യം മറികടന്ന് വിദർഭ ജയിച്ചത്.
യു.പി ട്വന്റി ലീഗിൽ കാൺപൂർ സൂപ്പർ സ്റ്റാറിനായി ഏറ്റവും കൂടുതൽ സിക്‌സ് നേടിയ താരമാണ് റിസ്വി. രണ്ടു തകർപ്പൻ സെഞ്ച്വറികളടക്കം 455 റൺസാണ് ലീഗിൽ താരം അടിച്ചുകൂട്ടിയത്. ബാറ്റിംഗിലെ മികവ് കാരണം മൂന്ന് ടീമുകൾ ട്രയൽസിനായി റിസ്‌വിയെ ക്ഷണിച്ചിരുന്നു. എന്നാൽ ചില അസൗകര്യങ്ങൾ കാരണം താരം ട്രയൽസിൽ പങ്കെടുത്തിരുന്നില്ല.
യു.പിയിലെ അണ്ടർ 23 ടീമുകളുമായുള്ള തന്റെ ആദ്യ മത്സരത്തിൽ, 65 പന്തിൽ നിന്ന് 91 റൺസ് നേടിയാണ് യുവതാരം തന്റെ കഴിവ് തെളിയിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പായിച്ച താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിലും താരം ഇടംപിടിച്ചിട്ടുണ്ട്.















