ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കൊളറാഡോ സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പിൽ ഇടപെടാനുള്ള ജോ ബൈഡന്റെ വക്രബുദ്ധിയുടെ ബാക്കിയാണെന്ന പരിഹാസവുമായി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡൻ ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും ട്രംപ് വിമർശിച്ചു.
2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റോളിന് നേരെ നടന്ന ആക്രമണത്തിൽ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ട്രംപിനെ കോടതി വിലക്കിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അയോഗ്യത കൽപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം. ” വക്രബുദ്ധിക്കാരനാണ് ജോ ബൈഡൻ. ബൈഡനും അയാളുടെ പാർട്ടിയും ചേർന്ന് ഞങ്ങളെ തടയാനുള്ള തീവ്രശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ വിധിയിൽ അതിശയമൊന്നുമില്ല.
ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ അമേരിക്കയുടെ ഭരണഘടനയിൽ പോലും അവർ മാറ്റങ്ങൾ വരുത്തുകയാണ്. ബൈഡൻ എന്ന വ്യക്തി ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. നിയമപാലകരെ പോലും ഇതിനായി അവർ ആയുധമാക്കുകയാണ്. വിധിക്കെതിരെ കോടതിയിൽ അപ്പീൽ നൽകുമെന്നും” ട്രംപ് വ്യക്തമാക്കി.
കലാപത്തിലോ അക്രമത്തിലോ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ അധികാര സ്ഥാനങ്ങൾ വഹിക്കുന്നതിൽ നിന്ന് വിലക്കുന്ന യുഎസ് ഭരണഘടനയുടെ വ്യവസ്ഥ പ്രകാരമാണ് ട്രംപിന് വിലക്ക് ഏർപ്പെടുത്തിയത്. അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് അക്രമത്തിൽ ഉൾപ്പെട്ടതിന്റെ പേരിൽ ഒരു പ്രസിഡന്റ് സ്ഥാനാർത്ഥി അയോഗ്യനാക്കപ്പെടുന്നത്. അപ്പീലുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി നാലാം തിയതി വരെ വിധിക്ക് സ്റ്റേ ഉണ്ടെന്നും കോടതി അറിയിച്ചിട്ടുണ്ട്.