1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യ സൂത്രധാരനായ ടൈഗർ മേമൻ ഫോട്ടോയും വിലാസവും 30 വർഷത്തിന് ശേഷം പുറത്ത്. പാകിസ്താൻ അഭയം നൽകിയ ടൈഗർ മേമന്റെ കറാച്ചിയിലെ വിലാസം എൻഐഎക്ക് ലഭിച്ചതായി ആജ് തക്ക് റിപ്പോർട്ട് ചെയ്തു.
കറാച്ചിയിലെ ധനികർ താമസിക്കുന്ന പോഷ് ഏരിയയായ ഡിഫൻസ് ഹൗസിംഗ് അതോറിറ്റിയിൽ നിർമിച്ച ആഡംബര ബംഗ്ലാവിലാണ് കൊടുംകുറ്റവാളി താമസിക്കുന്നത്. പാക് സൈന്യമാണ് ഈ പ്രദേശത്തിന്റെ സുരക്ഷ നോക്കുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരുമാണ് ഇവിടത്തെ താമസക്കാർ. HOUSE NO- 34A, STREET-29, PHASE-V, DHA KARANCHI, PAKISTAN എന്നാണ് ടൈഗർ മേമന്റ പാക് വിലാസം. ബംഗ്ലാവിന് ചുറ്റും സായുധരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ കനത്ത കാവലുണ്ട്. ടൈഗർ മേമൻ താമസിക്കുന്ന ബംഗ്ലാവിന്റെ ചുവരുകളിൽ സിമന്റ് ചാക്കുകൾ സ്ഥാപിച്ചിരിക്കുന്നതും പുറത്ത് കാവൽ നിൽക്കുന്ന സൈനികരെയും പുറത്ത് വന്ന വീഡിയോയിൽ കാണാം.
പാക് സൈന്യത്തിന്റെ സുരക്ഷാവലയത്തിലാണ് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ താമസിക്കുന്നത്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയും സൈനിക ഉദ്യോഗസ്ഥരും ഇടയ്‌ക്ക് ഇവിടെ ചർച്ചകൾക്ക് എത്താറുമുണ്ട്. എൻഐഎ റിപ്പോർട്ട് അനുസരിച്ച് കറാച്ചിയിലെ ഈ പ്രദേശത്ത് ടൈഗർ മേമന് മറ്റൊരു ബംഗ്ലാവ് ഉണ്ട്, ഹൗസ് നമ്പർ- 1/A2, ഗോൾഫ് കോഴ്സ് റോഡ്-1, ഫേസ് IV, DHA, കറാച്ചി എന്നതാണ് അതിന്റെ വിലാസം. ബംഗ്ലാവിൽ നിന്ന് കുറച്ച് അകലെ ഷോപ്പിംഗ് മാളിലാണ് ഇയാളുടെ ഓഫീസ്.
ഇബ്രാഹിം മേമൻ എന്നാണ് ടൈഗർ മേമന്റെ യഥാർത്ഥ പേര്. അധോലോകത്തിലെത്തിയ ശേഷമാണ് ഇബ്രാഹിം എന്ന പേര് ടൈഗർ എന്നായി മാറിയത്. 1993ലെ മുംബൈയെ നടുക്കിയ സ്ഫോടന പരമ്പര ദാവൂദ് ഇബ്രാഹിമിന്റെ നിർദേശപ്രകാരം ടൈഗർ മേമൻ നടത്തിയത് ഐഎസ്ഐയുടെ സഹായത്തോടെയാണ്. പാകിസ്താനിൽ നിന്നും കടൽ വഴി മുംബൈയിൽ എത്തിച്ച ആർഡിഎക്‌സ് ഉപയോഗിച്ചാണ് സഫോടനം നടത്തിയത്.
ബോംബ് സ്ഫോടനത്തിന് മുമ്പ് തന്നെ ദാവൂദും ടൈഗറും മുംബൈയിൽ നിന്ന് ദുബായിലേക്ക് പലായനം ചെയ്തിരുന്നു. പിന്നീട് ഇരുവരെയും ഐഎസ്ഐ പാകിസ്താനിലേക്ക് മാറ്റി. ഇവിട നിന്നാണ് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖല ഇവർ നിയന്ത്രിക്കുന്നത്.
വ്യാവസായ കുടുംബത്തിലാണ് ടൈഗർ മേമൻ ജനിച്ചത്. അബ്ദുൾ റസാഖ് മേമന്റെയും ഹനീഫയുടെയും ആറ് ആൺമക്കളിൽ ഇളയവനാണ് ടൈഗർ മേമൻ. ടൈഗർ മേമന്റെ പിതാവ് റസാഖ്, മാതാവ് ഹനീഫ, സഹോദരങ്ങളായ ഈസ, യൂസഫ്, യാക്കൂബിന്റെ ഭാര്യ റഹീന, മൂത്ത സഹോദരന്റെ ഭാര്യ റുബീന എന്നിവരും മുംബൈ സ്ഫോടനക്കേസിൽ പ്രതികളായിരുന്നു. 2015 ജൂലൈ 30ന് നാഗ്പൂർ സെൻട്രൽ ജയിലിലാണ് യാക്കൂബിനെ തൂക്കിലേറ്റിയത്.