സലാർ തീയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സിനിമയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്. അതിലൊന്നാണ് സിനിമയുടെ ഇരുണ്ട പശ്ചാത്തലം. പ്രശാന്ത് നീലിന്റെ വമ്പൻ ഹിറ്റ് ചിത്രമായ കെജിഎഫിലും ഇതേ പശ്ചാത്തലം തന്നെയാണ് കാണാൻ കഴിയുന്നത്. ഇപ്പോഴിതാ, തന്റെ ചിത്രങ്ങളിൽ ഇരുണ്ട പശ്ചാത്തലം വരാനുള്ള കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ പ്രശാന്ത് നീൽ. സലാറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഒബ്സസീവ് കമ്പൽസീവ് ഡിസോർഡർ (ഒസിഡി) തനിക്ക് ഉള്ളതിനാലാണ് ഇത്തരത്തിലെ നിറങ്ങൾ തിരഞ്ഞെടുക്കുന്നതെന്നാണ് പ്രശാന്ത് നീൽ പറയുന്നത്. സ്ക്രീനിൽ കാണുന്നത് തന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണെന്നും താരം പറഞ്ഞു. പിന്നെ സിനിമയ്‌ക്കും അത്തരത്തിലൊരു പശ്ചാത്തലം ആവശ്യമാണെന്നും പ്രശാന്ത് നീൽ വ്യക്തമാക്കി.
‘എനിക്ക് ഒസിഡി ഉണ്ട്. ഒരുപാട് നിറങ്ങളുള്ള വസ്ത്രങ്ങൾ എനിക്ക് ഇഷ്‌ടമല്ല. എന്റെ വ്യക്തിത്വത്തിന്റെ ഒരു പ്രതിഫലനമാണ് സ്ക്രീനിൽ കാണുന്നത് എന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് കെജിഎഫും സലാറും ഒരുപോലെ തോന്നുന്നത്. ഗ്രേ കളർ പശ്ചാത്തലം മനസിൽ കണ്ടാണ് സിനിമാറ്റോഗ്രാഫർ ഭുവൻ ഗൗഡ ചിത്രം ഷൂട്ട് ചെയ്‌തതെങ്കിലും അദ്ദേഹം എല്ലായ്പ്പോഴും അതിനോട് യോജിക്കുന്നില്ലായിരുന്നു. ആ രീതി ഒന്നുങ്കിൽ വളരെ നല്ലതായിരിക്കും അല്ലെങ്കിൽ വളരെ മോശമായിരിക്കും എന്ന് എനിക്ക് മനസിലായി.
കെജിഎഫും സലാറും ബന്ധപ്പെടുത്തിയുള്ള ചർച്ചകൾ ശ്രദ്ധിക്കാറുണ്ട്. മങ്ങിയ പശ്ചാത്തലത്തിലാണ് സലാറിന്റെ കഥ പറയേണ്ടത്. സിനിമയുടെ മൂഡ് ഇരുണ്ടതാണ്. കെജിഎഫിന്റെ പശ്ചാലത്തലം സലാറിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ കഥ അത് ആവശ്യപ്പെടുന്നുണ്ട്. പുറത്തുള്ള ചർച്ചകൾ കാരണം അത് മാറ്റാനാവില്ല. അതാണ് സലാറിന്റെ മൂഡ്.’ പ്രശാന്ത് നീൽ പറഞ്ഞു.















