വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റ്‌സും ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 40 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന്റെ പാക്കഅപ്പ് വിശേഷങ്ങൾ വിനീത് ശ്രീനിവാസൻ തന്നെയാണ് ആരാധകരെ അറിയിച്ചത്. ആത്മാർഥതയുള്ള ഒരു കൂട്ടം സിനിമാപ്രവർത്തകർ ഒപ്പമുള്ളതുകൊണ്ടാണ് ഈ സിനിമ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും വിനീത് പറഞ്ഞു.
തിര എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ധ്യാനിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ പാക്കപ്പ് നടന്നത്. പാക്ക്അപ്പ് വിശേഷങ്ങളെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വിനീത് ശ്രീനവാസൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..
‘ധ്യാനിന്റെ ജന്മദിനമായ ഇന്ന് പുലർച്ചെ 2 മണിക്ക് ഞങ്ങൾ ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി. ആത്മാർത്ഥതയോടെ പണിയെടുത്ത ഒരു കൂട്ടമാളുകൾ എനിക്കൊപ്പം ഉണ്ടായിരുന്നു. എല്ലാകാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്താൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ സിനിമ പൂർത്തിയാക്കാൻ സാധിക്കുമെന്ന് എനിക്ക് മനസ്സിലാക്കി തന്ന ചിത്രം കൂടിയായിരുന്നു ഇത്. ‘വർഷങ്ങൾക്കു ശേഷം’ 2024 ഏപ്രിലിൽ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങും.’ വിനീത് ശ്രീനിവാസൻ കുറിച്ചു.
ചിത്രത്തിന്റെ പാക്കപ്പ് വീഡിയോയും പുറത്ത് വന്നിരുന്നു. അണിയറ പ്രവർത്തകർക്കൊപ്പം ധ്യാൻ ശ്രീനിവാസനും പ്രണവും ഉണ്ടായിരുന്നു. പാക്കപ്പ് വീഡിയോയിൽ ചിത്രത്തെ കുറിച്ച് വിനീതിന്റെ വാക്കുകൾ ഉങ്ങനെ…
40 days of shooting with many locations…#VarshangalkkuShesham shoot completed.
#VineethSreenivasan directorial 😎#PranavMohanlal 🙌#NivinPauly 🤞#DhyanSreenivasan 👌pic.twitter.com/aowrbXBHlG
— What The Fuss (@W_T_F_Channel) December 20, 2023
‘നമ്മുടെ സിനിമ പൂർത്തിയാവുകയാണ്. 40 ദിവസങ്ങൾ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. ശരിക്കും പറഞ്ഞാൽ ഒരുപാട് ദിവസമെടുത്ത് ചിത്രീകരിക്കാനുള്ള സിനിമയായിരുന്നു ഇത്. എന്നാൽ എല്ലാ ഡിപ്പാർട്ട്‌മെന്റുകളും ഒരുമയോടെ പ്രവർത്തിച്ചതുകൊണ്ടാണ് വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചത്. 300ൽ അധികം ജൂനിയർ ആർടിസ്റ്റിനെ വച്ച് രാവിലെ ഏഴ് മണിക്ക് ഫസ്റ്റ് ഷോട്ട് എടുത്തിട്ടുണ്ട്. എല്ലാ ഡിപ്പോർട്ട്‌മെന്റിനും എന്റെ നന്ദി അറിയിക്കുന്നു. എല്ലാവരും നല്ല പണി എടുത്തിട്ടുണ്ട്. അതിന്റെ ഫലം സിനിമയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’പാക്കപ്പ് വിഡിയോയിൽ വിനീത് ശ്രീനിവാസന്റെ വാക്കുകൾ.
ഹൃദയത്തിന് ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമിക്കുന്നത്. നിവിൻ പോളി ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. ഒപ്പം യുവതാരനിര തന്നെ ചിത്രത്തിലുണ്ട്. അജു വർഗീസ്, ബേസിൽ ജോസഫ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്‌മാൻ, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.