തിരുവനന്തപുരം: ഏത് കാര്യത്തിനാണ് താൻ നാണിക്കേണ്ടതെന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുകണ്ട് യുവാവായ കാലത്ത് ഒന്നിനെയും പേടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും തനിക്ക് ആരെയും ഭയമില്ലെന്നും താൻ ഒരു വിഭാഗത്തിന്റെയും മഹാരാജാവല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന് ചോദിക്കുന്നത്. ഏത് കാര്യത്തിനാണ് ഞാൻ നാണിക്കേണ്ടത്. പൊതുപ്രവർത്തന രംഗത്ത് എനിക്ക് പോകേണ്ട സ്ഥലങ്ങളിലൊക്കെ ഞാൻ പോയിട്ടുണ്ട്. അതൊന്നും പോലീസ് സംരക്ഷണത്തിൽ പോയതല്ല. ഒരു കമ്മ്യൂണിസ്റ്റ് കാരൻ എന്ന നിലയിൽ പോയതാണ്. തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ അറിയാം. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്. യൂത്ത് പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെ അല്ലേ ഇപ്പോൾ….
ഞാൻ ഏതെങ്കിലും വിഭാഗത്തിന്റെ മഹാരാജാവല്ല, ഞങ്ങൾ ജനങ്ങളുടെ ദാസൻമാരാണ്. തുടർഭരണം ഞങ്ങൾക്ക് ജനം തന്നതിൽ കോണ്‍ഗ്രസിന് ദേഷ്യമുണ്ട്. കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെ തകർക്കാൻ പലതരം അജണ്ട നടക്കുന്നുണ്ട്. ഗവർണർ തന്നെ അത് തുടങ്ങി വച്ചു. അതിനെ കോൺഗ്രസ് അംഗീകരിക്കുകയാണ്.’- പിണറായി വിജയൻ പറഞ്ഞു.