എറണാകുളം: ബിയർ കൊടുക്കാത്തതിന്റെ പേരിൽ പറവൂരിൽ ബാറിൽ വച്ച് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വടക്കൻ പറവൂർ സ്വദേശികളായ നിക്‌സൻ, സനൂപ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പറവൂർ ടൗണിലെ ജയ ബാറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കുത്തേറ്റവർ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.
കുടിച്ചു കൊണ്ടിരുന്ന ബിയർ പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകാൻ മൂവർ സംഘം തയ്യാറാകാതെ വന്നതോടെ പ്രതികൾ മർദ്ദിക്കുകയായിരുന്നു. യുവാക്കൾ ചെറുത്ത് നിന്നതോടെ പ്രതികൾ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് മൂവരെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പറവൂർ – മുനമ്പം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് വിൽപ്പന ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ് നിക്‌സനും സനൂപുമെന്ന് പോലീസ് പറഞ്ഞു.