എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് ഇന്ന് വീണ്ടും ഇഡിക്ക് മുന്നിലേക്ക്. ബാങ്കിൽ സിപിഎമ്മിന് രണ്ട് അക്കൗണ്ട് ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ്, വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വർഗീസിന് ഇഡി നോട്ടീസ് നൽകിയത്.
കഴിഞ്ഞ ദിവസവും വർഗീസിനെ ഇഡി ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വർഗീസിനെ ഇത് നാലാം തവണയാണ് ഇഡി ചോദ്യം ചെയ്യുന്നത്. ബാങ്കിൽ തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് കേസിലെ സാക്ഷി എന്ന തരത്തിലായിരുന്നു ഇയാളെ ഇഡി ഇതുവരെ ചോദ്യം ചെയ്തിരുന്നത്. എന്നാൽ അന്വേഷണവുമായി ഇയാൾ സഹകരിക്കാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ഇഡി പറഞ്ഞു.















