ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകളുടെ സർവീസ് വേളയിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ട്രാക്കിന് ഇരുവശത്തും സുരക്ഷാവേലി നിർമ്മിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ ട്രാക്കുകളിലാകും സുരക്ഷാ വേലി നിർമ്മിക്കുക. 130 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന ഇടങ്ങളിലാകും പ്രധാനമായും സുരക്ഷാ വേലി സ്ഥാപിക്കുന്നത് പരിഗണനയിലുള്ളത്.
സുരക്ഷിതത്വത്തിനാണ് റെയിൽവേ ഏറ്റവും അധികം മുൻതൂക്കം നൽകുന്നതെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി. അമിത വേഗതയിൽ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുമ്പോൾ റെയിൽവേ നൽകുന്ന സുരക്ഷയെക്കുറിച്ച് പാർലമെന്റിൽ ചോദ്യം ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. വന്ദേഭാരത് എക്‌സ്പ്രസുകൾ മണിക്കൂറിൽ 110-130 കിലോമീറ്ററിലും വേഗതയിൽ സഞ്ചരിക്കുന്നു. അപകടസാധ്യതയേറിയ മേഖലകളിലും മണിക്കൂറിൽ 130 കിലോമീറ്ററിൽ അധികം വേഗത്തിലോടുന്ന സ്ഥലങ്ങളിലും ട്രാക്കിന് ഇരുവശത്തും സുരക്ഷാവേലി സ്ഥാപിക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.
2023 നവംബർ വരെയും റെയിൽവേ ട്രാക്കുകളിൽ വിവിധ വസ്തുക്കൾ സ്ഥാപിച്ച് തടസം സൃഷ്ടിക്കാൻ സാമൂഹ്യവിരുദ്ധർ ശ്രമിച്ച നാല് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങളിൽ പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സുരക്ഷാ വേലി സ്ഥാപിക്കുന്നതിനോടൊപ്പം തന്നെ മറ്റ് നിരവധി കാര്യങ്ങൾ റെയിൽവേ സംരക്ഷണ സേനയും സാങ്കേതിക വിഭാഗങ്ങളും സ്വീകരിക്കുന്നുണ്ടെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.















