ചെന്നൈ: തൂത്തുക്കുടിയിലെ വെള്ളപ്പൊക്കത്തിൽ വ്യോമസേന രക്ഷപ്പെടുത്തിയ ഗർഭിണി പ്രസവിച്ചു. കഴിഞ്ഞ ദിവസമാണ് അനുഷിയ മയിൽ എന്ന യുവതിയെയും കുടുംബത്തെയും വ്യോമസേന ഹെലിക്കോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത്. വിദഗ്ധ ചികിത്സയ്‌ക്കായി മധുരയിലെ രാജാജി ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരുന്നത്.
ബുധനാഴ്ച പുലർച്ചെ 2:06 നാണ് 3.1 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് യുവതി ജന്മം നൽകിയത്. സുഖപ്രസവമായിരുന്നെന്നും അമ്മയും കുഞ്ഞു സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഭർത്താവിനും കുട്ടിക്കും അമ്മയ്‌ക്കുമൊപ്പം പി.അനുഷിയ മയിലിനെ (27) ശ്രീവൈകുണ്ഠത്തിലെ മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വ്യോമസേന രക്ഷപ്പെടുത്തിയത്. യുവതിയ്‌ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം വ്യോമസേനയ്‌ക്ക് എസ്ഓഎസ് സന്ദേശം അയക്കുകയായിരുന്നു. ഇതേതുടർന്നാണ് വ്യോമസേനയുടെ റെസ്‌ക്യൂ ടീം ഇവരെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത്.