തിരുവന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ നടപടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. 18 അംഗങ്ങളെയാണ് ഗവർണർ കാലിക്കറ്റ് സർവ്വകലാശാല സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത്. ഇതിൽ ഒമ്പത് അംഗങ്ങളെയാണ് ഇന്ന് എസ്എഫ്‌ഐ പ്രവർത്തകർ ഗേറ്റിന് മുന്നിൽ തടഞ്ഞത്. ഇതിനെതിരെയാണ് രാജ്ഭവൻ നിയമനടപടിയ്‌ക്ക് ഒരുങ്ങുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ എസ്എഫ്‌ഐയ്‌ക്കെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് രാജ്ഭവന്റെ തീരുമാനം.
സംസ്ഥാനത്തിന്റെ ഭരണത്തലവനും സർവ്വകലാശാലകളുടെ ചാൻസലറുമായ വ്യക്തി തയ്യാറാക്കിയ പട്ടികയെ വെല്ലുവിളിച്ചു കൊണ്ടാണ് സർവ്വകലാശാലകൾ കേന്ദ്രീകരിച്ച് എസ്എഫ്‌ഐ ആക്രമണത്തിന് തുടക്കം കുറിച്ചത്. ഇതിനെതിരെയാണ് ഗവർണർ ഹൈക്കോടതിയെ ഉൾപ്പെടെ സമീപിക്കാൻ ഒരുങ്ങുന്നത്. കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണറെ തടഞ്ഞതുൾപ്പെടെയുള്ള സംഭവങ്ങളും കൂടി പരിഗണിച്ചാണ് രാജ്ഭവൻ നടപടികൾ വേഗത്തിലാക്കുന്നതെന്നാണ് റിപ്പോർട്ട്.
വിവിധ പാർട്ടി പാശ്ചാത്തലമുള്ള സെനറ്റ് അംഗങ്ങളെ യോഗത്തിനായി കടത്തി വിട്ടപ്പോഴും ഗവർണർ നാമനിർദ്ദേശം ചെയ്തവരെ എസ്എഫ്‌ഐ പ്രവർത്തകർ ഗേറ്റിന് മുന്നിൽ തടയുകയായിരുന്നു. സെനറ്റ് അംഗങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ആരാഞ്ഞതിന് ശേഷമാണ് ഇവർക്ക് പ്രവേശനം നൽകിയത്. അതേസമയം എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞ സെനറ്റ് അംഗങ്ങളെ കാലിക്കറ്റ് സർവ്വകലാശാല വിസി എംകെ ജയരാജ് നേരിട്ടെത്തി കണ്ട് സംസാരിച്ചിരുന്നു.