വാഷിംഗ്ടൺ : അമേരിക്കയിൽ ഇന്ത്യൻ സമൂഹത്തിന്റെ പ്രാധാന്യം തുടർച്ചയായി വർധിച്ചുവരികയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഹിന്ദുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും അവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിനുമായി ഒരു പുതിയ ഹിന്ദു കോക്കസ് കോൺഗ്രസ് രൂപീകരിച്ചു. റിപ്പബ്ലിക്കൻ എംപിമാരായ പീറ്റർ സെഷൻസും ആലീസ് സ്റ്റെഫാനിക്കുമാണ് യുഎസ് പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത് .
ഹിന്ദുക്കൾക്ക് ഗുണകരമാകുന്ന നിയമങ്ങൾ അമേരിക്കൻ പാർലമെന്റിൽ കൊണ്ടുവരാൻ ഈ സംഘം ശ്രമിക്കും. ഹിന്ദു കോക്കസ് രൂപീകരിക്കാനുള്ള ശ്രമങ്ങൾ ഏറെ നാളായി നടന്നിരുന്നു. അടുത്തിടെ ഇന്ത്യൻ വംശജനായ അമേരിക്കൻ എംപി താനേദറും ഇക്കാര്യം വാദിച്ചിരുന്നു .ആലീസ് സ്റ്റെഫാനിക്കാണ് ഈ കോക്കസിന്റെ ചെയർപേഴ്സൺ.
അമേരിക്കയിലെ ഹിന്ദുക്കളോടുള്ള വിദ്വേഷവും വിവേചനവും അവസാനിപ്പിക്കുക എന്നതാണ് ഹിന്ദു കോക്കസിന്റെ ലക്ഷ്യം. ഹിന്ദു അമേരിക്കൻ സമൂഹവും പാർലമെന്റും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ ഇതിനാകും . ഇത് ഹിന്ദു സമൂഹത്തിന്റെ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യും ഹിന്ദു കോക്കസ് നിലവിൽ വന്നതോടെ അമേരിക്കൻ ഹിന്ദു സമൂഹത്തിന്റെ ശബ്ദം പാർലമെന്റിൽ കൂടുതൽ മുഴങ്ങുമെന്ന് പീറ്റർ പറഞ്ഞു. ഈ സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ സംഭാവനകൾക്ക് പ്രാധാന്യം നൽകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് – പീറ്റർ സെഷൻസ് പറഞ്ഞു.
ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ഇന്തോനേഷ്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബ്രിട്ടൻ, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കളും ഇന്ത്യൻ വംശജരായ സിഖ്, ജൈന, ബുദ്ധ മതങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഈ കോക്കസിൽ ഉൾപ്പെടും.
അമേരിക്കയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള മതവിഭാഗമാണ് അമേരിക്കൻ ഹിന്ദുക്കൾ. പ്യൂ റിസർച്ച് സെന്റർ നടത്തിയ ഒരു ഗവേഷണ പ്രകാരം അമേരിക്കയിൽ താമസിക്കുന്ന ഹിന്ദുക്കളിൽ 77% ബിരുദധാരികളാണ്. ഇത് മറ്റേതൊരു മതവിഭാഗത്തേക്കാളും കൂടുതലാണ്. വരുമാനത്തിന്റെ കാര്യത്തിൽ, അമേരിക്കയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ളവരിൽ ഹിന്ദുക്കളും ഉൾപ്പെടുന്നുണ്ട് .