ഡൽഹി: മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വിജയത്തോടുകൂടി അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപി ശക്തമായ അടിത്തറ സ്ഥാപിച്ചു കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വ്യക്തിപരമായ ഏതെങ്കിലും അജണ്ട പിന്തുടരുകയോ അതുവെച്ച് മുന്നോട്ട് പോകുകയോ ചെയ്യുന്ന ആളല്ല പ്രധാനമന്ത്രിയെന്നും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് പ്രധാമന്ത്രിയും കേന്ദ്രസർക്കാരും പ്രവർത്തിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. എഎൻഐയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളാണ്. അദ്ദേഹം ഈ രാജ്യം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. ഇന്ത്യയെപ്പറ്റിയും ഇവിടുത്തെ ജനങ്ങളെപ്പറ്റിയും അവരുടെ ജീവിതത്തെപ്പറ്റിയും പ്രധാനമന്ത്രിക്ക് നല്ല ബോധ്യമുണ്ട്. പൊതുപ്രവർത്തകനായും ബിജെപി നേതാവായും മന്ത്രിയായും മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായുമെല്ലാം അദ്ദേഹം പ്രവർത്തിച്ചു. നരേന്ദ്രമോദിയെ ജനങ്ങൾക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് മറ്റൊരു പിആർ വർക്കിന്റെയും ആവശ്യമില്ല. വ്യക്തിപരമായ ഏതെങ്കിലും അജണ്ട പിന്തുടർന്നല്ല പ്രധാനമന്ത്രി മുന്നോട്ട് പോകുന്നത്’.
‘ഗാന്ധി കുടുംബത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചല്ല ബിജെപി സംസാരിക്കുന്നത്. കാതലായ പ്രശ്‌നങ്ങളെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. ഞങ്ങൾക്ക് കഴിയുന്ന എല്ലാ തരത്തിലും ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ജൽ ജീവൻ ദൗത്യത്തിലൂടെ 13 കോടി കുടുംബങ്ങൾക്ക് ആദ്യമായി വെള്ളം ലഭിച്ചു, 13.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി, ആയുഷ്മാൻ ഭാരത് പദ്ധതി കൊണ്ട് ഗുണമുണ്ടായ 10 കോടി കുടുംബങ്ങൾ നമുക്ക് ചുറ്റുമുട്ട്, ഡിജിറ്റലായി സാക്ഷരത നേടിയ 3.5 കോടിയിലധികം ജനങ്ങൾ, 100 കോടി വാക്‌സിനുകൾ വിതരണം ചെയ്തു, വികസ്വര രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യയെ ഉയർത്തി, ജി20 അദ്ധ്യക്ഷ പദവി വഹിച്ചു. ഇങ്ങനെ എന്തെല്ലാം ഈ സർക്കാർ നടപ്പാക്കി കഴിഞ്ഞു’.
‘ഒരു രാജ്യം ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ വിദേശ നയം മുതൽ ഉൽപ്പാദന നയം വരെ ബിജെപി സർക്കാരിന് ഉയർത്തി കാണിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ആഗോള വളർച്ചയിൽ ഇന്ത്യ 16 ശതമാനം ഉയർന്നു. ഇന്ത്യയുടെ ഉയർച്ചയെ വ്യക്തമാക്കുന്ന അന്താരാഷ്‌ട്ര റിപ്പോർട്ടുകളും സർവ്വയേയുമൊന്നും നരേന്ദ്രമോദി നിർമ്മിക്കുന്നതല്ല. ഒരു കാലത്ത് ഗാന്ധി കുടുംബം എന്ത് പറയുന്നുവോ അതായിരുന്നു രാജ്യത്തിന്റെ നിലപാടായി ഉയർത്തി കാണിച്ചിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. ഈ സോഷ്യൽ മീഡിയാ യുഗത്തിൽ ഗാന്ധി കുടുംബം ഒഴികെ എല്ലാം വികസിച്ചു. പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്തുക എന്നത് അസാധ്യമാണ്’- സ്മൃതി ഇറാനി പറഞ്ഞു.















