മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രം നേര് ഇതിനോടകം വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം അറിയിച്ചെത്തിയിരിക്കുകയാണ് നടൻ കലേഷ് രാമാനന്ദ്. നേരിൽ ശ്രദ്ധേയമായൊരു വേഷം മോഹൻലാലിനൊപ്പം ചെയ്യാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് കലേഷ് പറഞ്ഞു. സിനിമ കണ്ടതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
‘ വ്യക്തിപരമായി പറയുകയാണെങ്കിൽ ഞാൻ വളരെ സന്തോഷത്തിലാണ്. സിനിമാ ജീവിതം ആരംഭിക്കുന്നത് മോഹൻലാൽ ചിത്രമായ സ്പിരിറ്റിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു. അതിനുശേഷം 11 വർഷം കാത്തിരിക്കേണ്ടി വന്നു അദ്ദേഹത്തിനൊപ്പം നിന്ന് അഭിനയിക്കാൻ. അത് ഇത്രയും നല്ലൊരു സിനിമയിലായതിന്റെ സന്തോഷത്തിലാണ് ഞാൻ. കൂടാതെ ലാലേട്ടനൊപ്പവും ജീത്തു ജോസഫിനൊപ്പവും അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. അതോടൊപ്പം മോഹൻലാലിന്റെ ശക്തമായ തിരിച്ചുവരവ് കാണാൻ സാധിച്ചതിൽ ഒരു ആരാധകൻ എന്ന നിലയിലും ഞാൻ സന്തോഷത്തിലാണ്.
ചിത്രത്തിൽ അനശ്വര രാജനും ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. തുമ്പ സ്റ്റേഷൻ പരിധിയിൽ നടക്കുന്ന ഒരു പ്രധാന കേസിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. വർഷങ്ങൾക്ക് ശേഷം പ്രാക്ടീസ് ഇല്ലാതെ ഒരു വക്കീൽ കേസ് ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രമെന്നാണ് ട്രെയിലറിൽ നിന്നും സൂചനകൾ നൽകിയിരുന്നു. നീണ്ട ഇടവേളയ്‌ക്ക് ശേഷം പ്രിയാമണിയും ചിത്രത്തിൽ എത്തുന്നുണ്ട്.
സിദ്ദിഖ്, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ശാന്തി മായാദേവിയാണ്. ദൃശ്യം 2, ഗാനഗന്ധർവ്വൻ എന്നീ സിനിമകളിൽ വക്കീൽ വേഷത്തിൽ തിളങ്ങിയ നടിയാണ് ശാന്തി മായാദേവി.