തൃശൂർ: സർക്കാരിനെതിരെ ആഞ്ഞടിച്ച് തൃശൂർ മേയർ. പാവപ്പെട്ടവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുതെന്നും സപ്ലൈകോ മാർക്കറ്റിൽ ഇന്ന് ഉണ്ടായത് വലിയ തെറ്റാണെന്നും മേയർ പറഞ്ഞു. തൃശൂരിൽ സർക്കാരിന്റെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങിയതിനെ തുടർന്നാണ് മേയർ പ്രതികരിച്ചത്. സബ്സിഡി സാധനങ്ങളില്ലാത്തതിനെ തുടർന്നാണ് ഉദ്ഘാടനം മുടങ്ങിയത്. ഉദ്ഘാടകനായ മേയർ എംകെ വർഗീസും എംഎൽഎ പി ബാലചന്ദ്രനും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് നിന്നും പോയതിന് ശേഷമാണ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
വീടുകൾ നിയന്ത്രിക്കുന്ന അമ്മമാർ മല്ലിയും ചെറുപയറും മാത്രമേയുള്ളൂ എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം നടത്തിയത്. ഈ സാധനങ്ങൾ എന്നുവരുമെന്ന് ചോദിച്ചെങ്കിലും ഉദ്യോഗസ്ഥർക്ക് മറുപടി ഇല്ലായിരുന്നു. ഞങ്ങളെ വിളിച്ച് എന്തിനാണ് അപമാനിച്ചതെന്നും ഉദ്യോഗസ്ഥരോട് ചോദിച്ചതായി തൃശൂർ മേയർ പറഞ്ഞു.
ഉദ്ഘാടന ദിവസം സാധനങ്ങൾ ഇല്ലാതെ ഉദ്ഘാടനം ചെയ്യുന്നത് മാനസിക വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. എന്ത് പ്രഹസനമാണ് നടത്തുന്നത് എന്ന് എംഎൽഎ പറഞ്ഞു. മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്. പാവപ്പെട്ടവർക്ക് ഇങ്ങനെ വെയിൽ കൊണ്ട് സാധനങ്ങൾ വാങ്ങേണ്ടി വന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വിഷയം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും ഇന്ന് സപ്ലൈകോ മാർക്കറ്റിൽ ഉണ്ടായത് വലിയ തെറ്റാണെന്നും മേയർ എംകെ വർഗീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് എല്ലാ ജില്ലകളിലും ഇന്ന് മുതൽ കൺസ്യൂമർ ഫെഡ് ക്രിസ്മസ്-പുതുവത്സര ചന്തകൾ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. സപ്ലൈകോ വഴി 13 ഇനങ്ങൾ സബ്‌സിഡിയായി നൽകുമെന്നായിരുന്നു വാഗ്ദാനം. ഇതിന് പുറമേ നോൺ-സബ്സിഡി സാധനങ്ങൾ അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുമെന്നും അറിയിച്ചിരുന്നു. ഇതിനായി സർക്കാർ 1.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ സബ്സിഡി സാധനങ്ങളായി ചെറുപയറും വെളിച്ചെണ്ണയും മാത്രമാണ് ഉള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.















