ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ നാട്ടിലേക്ക് മടങ്ങി സൂപ്പർ താരം വിരാട് കോലി. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് താരത്തിന്റെ പെട്ടെന്നുള്ള തിരിച്ചുപോക്ക്. എന്നാൽ താരം ആദ്യ ടെസ്റ്റിന് മുമ്പ് തിരിച്ചെത്തുമെന്നാണ് ലഭിക്കുന്ന വിവരം.
രണ്ടു ടെസ്റ്റുള്ള പരമ്പരയിലെ ആദ്യ മത്സരം സെഞ്ചൂറിയനിൽ 26ന് ആരംഭിക്കും. കുടുംബത്തിനുണ്ടായ അടിയന്തര ആവശ്യത്തെ തുടർന്നാണ് 35-കാരൻ രണ്ടുദിവസം മുൻപ് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.
ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയുട മുതിർന്ന താരങ്ങളടങ്ങുന്ന സംഘം ദക്ഷിണാഫ്രിക്കയിൽ എത്തിയിരുന്നു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ കോലിയും ബുമ്രയും രാഹുലും ശ്രേയസ് അയ്യരുമടക്കമുള്ളവർ അണിനിരക്കുന്നുണ്ട്. എകദിന ലോകകപ്പിലെ പരാജയത്തിന് ശേഷം മുതിർന്ന താരങ്ങൾ വീണ്ടും കളത്തിലിറങ്ങുന്ന എന്ന പ്രത്യേകതകൂടി ആദ്യ ടെസ്റ്റിനുണ്ട്.