ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ദക്ഷിണാഫ്രിക്കൻ മുൻ നായകനും ഒപ്പണറുമായ ഡീൻ എൽഗർ. ടെസ്റ്റ് ക്രിക്കറ്റിൽ പ്രോട്ടീസിന്റെ നെടുംതൂണായിരുന്നു എൽഗർ. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുമായി താരം വിരമിക്കൽ കാര്യം സംസാരിച്ചിട്ടുണ്ട്.
12 വർഷത്തെ കരിയറിനാണ് 36-കാരൻ വിരാമമിടുന്നത്. 80ലേറെ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ കുപ്പായമണിഞ്ഞ എൽഗർ. 5,000 റൺസാണ് സ്കോർ ചെയ്തത്. 17 ടെസ്റ്റുകളിൽ താരം രാജ്യത്തെ നയിച്ചിട്ടുമുണ്ട്. 84 ടെസ്റ്റ്, 8 ഏകദിനവും കളിച്ച താരത്തിന് റെഡ്ബോൾ ക്രിക്കറ്റിൽ 37.28 ആവറേജുണ്ട്. 13 സെഞ്ച്വറികളും ടെസ്റ്റിൽ എൽഗറിന്റെ പേരിലുണ്ട്.
‘എല്ലാം നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്. ഇന്ത്യൻ പരമ്പരയാകും എന്റെ അവസാനത്തേത്. ഈ മനോഹരമായ ഗെയിമിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ഞാൻ എടുത്തിട്ടുണ്ട്. ഈ ഗെയിമാണ് എനിക്ക് ഒട്ടനവധി കാര്യങ്ങൾ നൽകിയത്. കെപ് ടൗൺ ടെസ്റ്റാകും കരിയറിലെ അവസാന മത്സരം. ലോകത്ത് എനിക്ക് ഏറെ ഇഷ്ടമുള്ള സ്റ്റേഡിയം. എന്റെ ആദ്യ സെഞ്ച്വറി പിറന്നയിടം ഒരുപക്ഷേ അവസാനത്തേതും’- എൽഗർ പറഞ്ഞു.















