പാറ്റ്‌ന: ജമ്മുവിലെ രജൗരിയിൽ കഴിഞ്ഞ ദിവസം സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്കാണ് ജീവൻ നഷ്ടമായത്. ബിഹാറിലെ നവാദ ജില്ലയിൽ നിന്നുള്ള റൈഫിൾമാൻ ചന്ദൻ കുമാറും വീരമൃത്യു വരിച്ച ജവാൻമാരിൽ ഉൾപ്പെടുന്നു.
നരോമുരാർ ഗ്രാമത്തിലെ മൗലേശ്വർ സിങ്ങിന്റെയും ജയന്തി ദേവിയുടെയും മൂന്ന് മക്കളിൽ രണ്ടാമനായിരുന്നു ചന്ദൻ കുമാർ. 2017 ലാണ് സൈന്യത്തിന്റെ ഭാഗമായത്. 89 ആംഡ് റെജിമെന്റിലായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ചത്. അച്ഛൻ ഗ്രാമത്തിൽ തന്നെ കൃഷി ചെയ്യുകയാണ്. 18 മാസം മുമ്പായിരുന്നു ചന്ദന്റെ വിവാഹം നടന്നത്.
പട്ടാളത്തിൽ ചേരണമെന്ന ആഗ്രഹം ചന്ദന് കൊച്ചുനാൾ മുതൽ ഉണ്ടായിരുന്നതായി ഇളയ സഹോദരൻ അഭിനന്ദൻ പറഞ്ഞു. ഗ്രാമത്തിൽ റേഷൻ കട നടത്തുകയാണ് അഭിനന്ദൻ. രാത്രി 12.30 ഓടെയാണ് സൈനിക ക്യാമ്പിൽ നിന്ന് വിവരം ലഭിച്ചത്. ആദ്യം വിശ്വസിക്കാൻ സാധിച്ചില്ല. കുറെ സമയമെടുത്താണ് ചേട്ടൻ രക്തസാക്ഷിയായ യാഥാർത്ഥ്യം അംഗീകരിക്കാൻ സാധിച്ചത്. അഭിനന്ദൻ കണ്ണീരൊടെ പറഞ്ഞു
ജമ്മു കാശ്മീരിലെ രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികരെയാണ രാജ്യത്തിന് നഷ്ടമായത്. രണ്ട് സൈനിക വാഹനങ്ങളാണ് ഭീകരർ ലക്ഷ്യമിട്ടത്. പൂഞ്ച് മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്‌ക്കിറങ്ങിയ സൈനികർക്ക് നേരെയാണ് ഭീകരർ ഒളിയാക്രമണം നടത്തിയത്.















