എറണാകുളം: കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗവർണറുടെ നോമിനികളെ തടഞ്ഞ എസ്എഫ്‌ഐ പ്രവർത്തകർക്ക് ഹൈക്കോടതി നോട്ടീസയച്ചു. ഗവർണർ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്ത 17 അംഗങ്ങളിൽ എട്ട് പേരെയാണ് ഇന്നലെ ഗേറ്റിന് മുന്നിൽ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പദ്മശ്രീ ജേതാവ് ബാലൻ പൂതേരിയടക്കം എട്ട് സെനറ്റംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പ്രത്യേക ദൂതൻ വഴി എസ്എഫ്‌ഐ നേതാക്കളായ അഫ്‌സൽ, മുഹമ്മദ് അലി ഷിഹാബ്, കെ.വി അനുരാജ് എന്നിവർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. അവധിക്കാല ബെഞ്ച് ഡിസംബർ 26ന് കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരാകണമെന്നാണ് ഉത്തരവ്. പദ്മശ്രീ ബാലൻ പൂതേരി അടക്കമുള്ള എട്ട് സെനറ്റംഗങ്ങൾക്കും ജീവന് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അഡ്വ.ആർ.വി.ശ്രീജിത്ത് മുഖേന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബസന്ത് ബാലാജി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കാലിക്കറ്റ് സർവ്വകലാശാല രജിസ്ട്രാറുടെ അറിയിപ്പിനെ തുടർന്നാണ് ഡിസംബർ 21ന് സെനറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിനായി സർവ്വകലാശാലയിൽ എത്തിയത്. എന്നാൽ ഗേറ്റ് മുന്നിൽ എസ്എഫ്‌ഐ പ്രവർത്തകർ തടയുകയും കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാൻ പോലീസോ, സുരക്ഷയൊരുക്കാൻ ആവശ്യപ്പെട്ടിട്ടും വൈസ് ചാൻസലറും രജിസ്ട്രാറും തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു. ബാലൻ പൂതേരി, അഫ്‌സൽ സഹീർ, എ.കെ.അനുരാജ്,എ.ആർ.പ്രവീൺകുമാർ,സി.മനോജ്,എ.വി.ഹരീഷ്, സ്‌നേഹ സി നായർ,അശ്വിൻ രാജ് പി.എം എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.















