ചെന്നൈ: സ്‌കൂൾ വിദ്യാർത്ഥിയുമായി ഒളിച്ചോടിയ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയെ പോക്‌സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഷോളിംഗനല്ലൂരിനടുത്തുള്ള സ്‌കൂളിലെ അദ്ധ്യാപികയായ ഹെപ്‌സിബയെ(32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി വേർപ്പിരിഞ്ഞ അദ്ധ്യാപിക സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായി പ്രണയത്തിലാകുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന പരാതിയിന്മേൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പ്രണയത്തിലായിരുന്നെന്നും ഒളിച്ചോടിയതാണെന്നും കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്‌കൂളിലേക്ക് പോയ കുട്ടി സമയം വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ വീട്ടുകാർ സകൂൾ അധികൃതരുമായി ബന്ധപ്പെട്ടു. കുട്ടി സ്‌കൂളിൽ എത്തിയിട്ടില്ലെന്ന വിവരം അധികൃതരിൽ നിന്ന് ലഭിച്ചതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അദ്ധ്യാപികയും അന്നേ ദിവസം സ്‌കൂളിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ഇരുവരുടെയും മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂർ ജില്ലയിലെ കാരമടയിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്റ്റ്ഡിയിലെടുക്കുകയായിരുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വിനോദയാത്രയ്‌ക്കായി വന്നതാണെന്നാണ് അദ്ധ്യാപിക പറഞ്ഞത്. വിദ്യാർത്ഥിയുമായി മറ്റ് ബന്ധങ്ങളില്ലെന്നും നേരത്തെ തീരുമാനിച്ച യാത്രക്കായി ഒരുമിച്ചെത്തിയതാണെന്നും അദ്ധ്യാപിക പോലീസിനോട് പറഞ്ഞു. ഇരുവരെയും ചെന്നൈയിൽ എത്തിച്ച പോലീസ് ഹെപ്‌സിബയ്‌ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. യുവതിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.















