ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യയ്‌ക്ക് തിരിച്ചടി. പ്രോട്ടീസിനെതിരായ ഏകദിന പരമ്പരയ്‌ക്കിടെ മോതിര വിരലിന് പരിക്കേറ്റ യുവതാരം ഋതുരാജ് ഗെയ്ക് വാദിന് ടെസ്റ്റ് പരമ്പര നഷ്ടമാകും. രണ്ടാം ഏകദിനത്തിലാണ് ഫീൽഡിംഗിനിടെ ഋതുരാജിന്റെ വലംകയ്യിലെ വിരലിന് പരിക്കേറ്റത്. ഇതേതുടർന്ന് താരത്തിന് ഇന്നലെ നടന്ന മത്സരം നഷ്ടമായിരുന്നു. താരത്തിന് പകരം രജിത് പട്ടീദാറായിരുന്നു ഓപ്പണറായി ഇറങ്ങിയിരുന്നത്. ക്രിക്ബസാണ് യുവതാരത്തിന് പരമ്പര നഷ്ടമാകുമെന്ന് റിപ്പോർട്ട് ചെയ്തത്.
ഏകദിന പരമ്പരയ്‌ക്കിടെ കൈവിരലിനേറ്റ പരിക്കിൽ നിന്ന് ഇപ്പോഴും താരം പൂർണമായും മോചിതനായിട്ടില്ല. അതുകൊണ്ടുതന്നെ ടീം മാനേജ്‌മെന്റ് ബിസിസിഐയുമായി ആലോചിച്ചതിന് ശേഷം താരത്തെ നാട്ടിലേക്ക് അയക്കുകയായിരുന്നു. നാട്ടിലെത്തുന്ന ഋതുരാജ് ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കും പരിശീലനം നടത്തുക. അതേസമയം ഋതുരാജിന് പകരക്കാരനെ ബിസിസിഐ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല .
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഡിസംബർ 26 മുതൽ 30 വരെ സെഞ്ചൂറിയനിലെ സൂപ്പർസ്പോർട്ട് പാർക്കിൽ നടക്കും.