തിരുവനന്തപുരം: 91-ാമത് വർക്കല ശിവഗിരി തീർത്ഥാടനം 30ന് തുടക്കമാകും. തീർത്ഥാടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തീർത്ഥാടന മഹാസമ്മേളനം കേന്ദ്രധനകാര്യ മന്ത്രി നിർമലാ സീതാരാമനും നിർവ്വഹിക്കും. ജനുവരി ഒന്നിനാണ് ശിവഗിരി തീർത്ഥാടനം സമാപിക്കുക. ഡിസംബർ 30, ശനിയാഴ്ച രാവിലെ 7.30ന് ധർമ്മ സംഘം ട്രസ്റ്റ് അദ്ധ്യക്ഷൻ സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. 10 മണിക്ക് ശിവഗിരി തീർത്ഥാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ധർമ്മ സംഘം ട്രസ്റ്റ് അദ്ധ്യക്ഷൻ സച്ചിദാനന്ദസ്വാമി അദ്ധ്യക്ഷത വഹിക്കും.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ അദ്ധ്യക്ഷൻ വിശുദ്ധാനന്ദ സ്വാമി, ട്രഷറർ ശാരദാനന്ദ സ്വാമി, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, മന്ത്രി വി.എൻ. വാസവൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, രമേശ് ചെന്നിത്തല എംഎൽഎ, അഡ്വ.വി.ജോയി എംഎൽഎ, റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാൻ പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുക്കും.
ഉച്ചയ്‌ക്ക് 2 മണിയ്‌ക്ക് സാങ്കേതിക ശാസ്ത്ര സമ്മേളനത്തിന്റെ ഉദ്ഘാടനം ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് നിർവഹിക്കും. സമ്മേളനത്തിൽ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5 മണിയ്‌ക്ക് വിദ്യാഭ്യാസ സമ്മേളനം കർണ്ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയാകും. രാത്രി 7ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ ദേവൻ നിർവഹിക്കും.
31ന് രാവിലെ അഞ്ചിന് ശിവഗിരി തീർത്ഥാടന ഘോഷയാത്ര സന്ന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ മഹാസമാധിയിൽ നിന്നും പുറപ്പെടും. തീർത്ഥാടന മഹാസമ്മേളനം രാവിലെ 10ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ, ലുലു ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഎംഡി എം.എ. യൂസഫലി എന്നിവർ വിശിഷ്ടാതിഥികളാകും. അടൂർ പ്രകാശ് എംപി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
31, ഞായറാഴ്ച രാത്രി 12 മണിക്ക് ഗുരുദേവ സമാധിയിൽ പുതുവത്സര പൂജയും സമൂഹപ്രാർത്ഥനയും നടക്കും.് ജനുവരി ഒന്നിന് രാവിലെ എട്ടിന് മഹാസമാധി മന്ദിരത്തിലെ ഗുരുദേവപ്രതിമാ പ്രതിഷ്ഠാദിനം പ്രമാണിച്ച് ശാരദാമഠത്തിൽ നിന്നും മഹാസമാധി മന്ദിരത്തിലേക്ക് 108 പുഷ്പ കലശ പ്രയാണം നടക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വിവിധ സമ്മേളനങ്ങൾ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വീണാ ജോർജ്ജ്, സജി ചെറിയാൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും. എംപി മാരായ ശശിതരൂർ, കൊടിക്കുന്നിൽ സുരേഷ് , ബിനോയ് വിശ്വം, കെ.സി. വേണുഗോപാൽ, എ.എ. റഹിം, കെ. സുധാകരൻ, ജോസ് കെ. മാണി, എംഎൽഎമാരായ കെ. ബാബു, ഡി.കെ. മുരളി, കെ.ബാബു, വാഴൂർ സോമൻ, വി.കെ. പ്രശാന്ത്, ചാണ്ടി ഉമ്മൻ, കെ.കെ. ശൈലജ തുടങ്ങിയവർ പങ്കെടുക്കും.
അതേസമയം ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി 26 ന് രാവിലെ 10 മണിയ്‌ക്ക് നടക്കുന്ന സർവ്വമത സമ്മേളന ശതാബ്ദിയാഘോഷം മുൻരാഷ്‌ട്രപതി രാംനാഥ്കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ മുഖ്യാതിഥിയാകും. 27ന് നടക്കുന്ന ഗുരുധർമ്മ പ്രചരണസഭാസമ്മേളനം രാവിലെ 10 മണിയ്‌ക്ക് സുപ്രീംകോടതി നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ ഡോ. ജി. മോഹൻഗോപാൽ ഉദ്ഘാടനം ചെയ്യും. 28ന് കുമാരനാശാൻ ദേഹവിയോഗ ശതാബ്ദിയാചരണം രാവിലെ 10ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും. 29ന് ശിവഗിരി ഹൈസ്‌ക്കൂൾ ശതാബ്ദിയാഘോഷ സമ്മേളനം രാവിലെ 10ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ആധ്യാത്മിക പ്രഭാഷണ പരമ്പരയ്‌ക്ക് ഡിസംബർ 15ന് ശിവഗിരിയിൽ തുടക്കമായിരുന്നു.