തൃശൂർ: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു. പൂരം നടത്തുന്നതിന് തറവാടക വർദ്ധിപ്പിച്ച കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേർക്കാൻ സർക്കാർ തീരുമാനിച്ചത്. നാളെ വൈകുന്നേരം തൃശൂർ രാമനിലയത്തിലാണ് ചർച്ച നടക്കുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചർച്ച നടക്കുക.
കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ ചർച്ചയിൽ പങ്കെടുക്കും. പൂര പ്രദർശനത്തിന് സ്ഥലം അനുവദിക്കുന്നതിനുള്ള സ്ഥല വാടക കൊച്ചിൻ ദേവസ്വം വർദ്ധിപ്പിച്ചതോടെയാണ് പൂരം പ്രതിസന്ധിയിലായത്. രണ്ട് കോടി രൂപയാണ് സ്ഥലം അനുവദിക്കുന്നതിനായി കൊച്ചിൻ ദേവസ്വം ആവശ്യപ്പെട്ടത്. രണ്ട് മാസം നീളുന്ന പൂര പ്രദർശനത്തിനാണ് സ്ഥലം അനുവദിക്കുന്നതിനായി രണ്ട് കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൂര പ്രദർശനത്തിന് 39 ലക്ഷം രൂപയാണ് നൽകിയിരുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്ത്വത്തിൽ പ്രതിഷേധ സംഗമം രൂപീകരിച്ചായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം. തൃശൂർപ്പൂരം ചടങ്ങ് മാത്രമാക്കി ഒതുക്കുമെന്ന ദേവസ്വം ബോർഡിന്റെ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശികല ടീച്ചർ പറഞ്ഞു.















