ഗാന്ധിനഗർ: രാജ്യത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി അതിർത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം ശക്തിപ്പെടുത്തുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. മുൻ വർഷങ്ങളെ അപേക്ഷിച്ച് പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമ്മാ ണ പ്രവർത്തനങ്ങൾ അതിവേഗമാക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്‌ട്രീയ രക്ഷാ സർവ്വകലാശാലയുടെ മൂന്നാം ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” നരേന്ദ്രമോദി സർക്കാർ വന്നതിനു ശേഷമാണ് അതിർത്തികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള വിവിധ കമ്മീഷനുകളുടെ നേിർദ്ദേശങ്ങൾ ഗൗരവത്തോടെ കണക്കിലെടുത്തത്. 1962-ൽ നടന്ന ഇന്ത്യ-ചൈന യുദ്ധത്തിൽ ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ കാണിച്ച അവഗണനയാണ് ഇന്ത്യ നേരിട്ട തിരിച്ചടികൾക്ക് പ്രധാന കാരണം. ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാനായി അതിർത്തികളിലെ അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.” – എസ്. ജയശങ്കർ പറഞ്ഞു.
ആയുധങ്ങൾ വാങ്ങുന്നതും നിർമ്മിക്കുന്നതും ഇന്ത്യയുടെ പ്രതിരോധമേഖല ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രതിരോധ മേഖല ശക്തിപ്പെടുത്തതുന്നതിനൊപ്പം രാജ്യത്തെ അടിസ്ഥാന സൗകരക്യങ്ങൾ വർദ്ധിപ്പിക്കുക എന്നതും രാജ്യാ സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് പാതകളുടെ നിർമ്മാണം രണ്ടിരട്ടി വേഗത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. തുരങ്കങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് ഇരട്ടി വേഗത്തിലും നടക്കുന്നു. ലഡാക്കിലേക്കും തവാങിലേക്കും എത്തിപ്പെടാൻ കണക്റ്റിവിറ്റി പാതകൾ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം രാജ്യത്തിന്റെ സുരക്ഷ മുന്നിൽ കണ്ടും 1962-ലെ തിരിച്ചടികളിൽ നിന്നും പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ടുമാണെന്നും അദ്ദേഹം വ്യക്തമാക്കി.















