മോഹൻലാൽ ചിത്രം നേര് തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി നടി അനശ്വരയും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആരാധകരുടെ സ്നേഹത്തിന് നന്ദിയുമായി എത്തിയിരിക്കുകയാണ് അനശ്വര. സമൂഹമാദ്ധ്യമത്തിലൂടെയാണ് അനശ്വര നന്ദി അറിയിച്ചത്.
‘ഈ നേരിനും ഈ നേരത്തിനും നന്ദി!
നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്
എല്ലാവരോടും സ്നേഹം. നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ.. കൂടെയുണ്ടാവണം.’- എന്നായിരുന്നു അനശ്വര സമൂഹമാദ്ധ്യമത്തിൽക്കുറിച്ചത്.
കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ചിത്രമാണ് നേര്. പ്രത്യേകിച്ച് സസ്പെൻസോ ട്വിസ്റ്റുകളോ ഒന്നും ഇല്ലാതെ ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണ് ചിത്രം. അഡ്വക്കേറ്റ് വിജയമോഹനായി മിന്നും പ്രകടനമാണ് മോഹൻലാൽ കാഴ്ചവെച്ചിരിക്കുന്നത്. കാലങ്ങൾക്ക് ശേഷം വക്കീൽ കുപ്പായ മണിയുന്ന വ്യക്തിയുടെ മാനസികാവസ്ഥയും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.